Monday, June 8, 2009

“കാല്പനിക ഭാവങ്ങളുമായി ബേക്കൽ”-(ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ ! -ഭാഗം -2)

(ഇതിന്റെ ആദ്യഭാഗം വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. )

അങ്ങനെ ഞാൻ 28 ആം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി.അധികം വൈകാതെ തന്നെ കാഞ്ഞങ്ങാട് പോകുന്ന ഒരു പ്രൈവറ്റ് ബസ് അവിടെ എത്തി.ബോർഡിൽ “ബേക്കൽ” എന്ന് എഴുതിയിരുന്നെങ്കിലും കണ്ടക്ടറോട് ഒന്നു കൂടി ചോദിച്ച് ഉറപ്പിച്ച ശേഷം അതിൽ കയറിയിരുന്നു.കുറച്ച് ആൾക്കാർ കയറിയപ്പോൾ വണ്ടി പുറപ്പെട്ടു.കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ വെറും 15 കി.മീ ചെന്നാൽ ബേക്കൽ ആകും എന്നായിരുന്നു ഞാൻ അന്വേഷിച്ച് അറിഞ്ഞു വച്ചിരുന്നത്.എന്നാൽ അര മണിയ്ക്കൂർ കഴിഞ്ഞിട്ടും സ്ഥലം എത്തുന്നില്ല.അപ്പൊൾ അടുത്തിരുന്ന ആളിനോട് അന്വേഷിച്ചപ്പോളാണു മനസ്സിലാകുന്നത് ആ ബസ് നേരെയുള്ള വഴിയിലല്ല പോകുന്നത് എന്ന്.ബേക്കലിൽ ചെല്ലാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കുമത്രേ.അബദ്ധം പറ്റിയല്ലോ എന്നോർത്തപ്പോൾ ഒരു നിരാശ സ്വയം തോന്നി.പക്ഷേ ഇനിയിപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ എന്നോർത്തപ്പോൾ അങ്ങനെ ഇരുന്നു ഒന്നു മയങ്ങിപ്പോയി.ഉണർന്നപ്പോൾ ബസ് ഉദുമ എത്തിയിരുന്നു.സമയം 12.30 ആയി.വിശക്കുന്നുണ്ടായിരുന്നു.എന്തായാലും കാസറഗോഡു നിന്നു കഴിയ്ക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.ബേക്കലിനു സമീപം ചെറിയ വല്ല ഹോട്ടലും ഉണ്ടാവും എന്ന വെറുമൊരു തോന്നലായിരുന്നു അതിന് കാരണം.പത്തു ദിവസമായി മംഗലാപുരത്തെ ഉയർന്ന ഗ്രേഡിലുള്ള ഹോട്ടലിലെ ഭക്ഷണം അത്ര മടുപ്പിച്ചിരുന്നു.നീണ്ട കാത്തിരിപ്പിന് ശേഷം ബസ് 12.40 ആയപ്പോൾ ബേക്കലിൽ എത്തി.ബേക്കൽ കോട്ടയും അതിനു തൊട്ടടുത്തുള്ള ബീച്ചുമാണു പ്രധാന ആകർഷണം ഇവിടെ.ബേക്കൽ കോട്ടയിലേയ്ക്ക് പോകുന്നതിനുള്ള ബസ്‌സ്റ്റോപ് വളരെ ചെറിയ ഒന്നാണ്.പഴകി ദ്രവിച്ച ഒന്നു രണ്ടു ബോർഡുകൾ മാത്രമേ അവിടെ കാണാനായുള്ളൂ.ബേക്കലിലെ ടൂറിസം വികസനം ഇനിയും എത്രയോ ദുരം പോകാനുണ്ടെന്ന് ഈ പഴകി ദ്രവിച്ച ബോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു!

(കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ 15 കി.മീ ചെല്ലുമ്പോളുള്ള ബേക്കൽ സ്റ്റോപ്-പഴകിയ ബോർഡുകൾ)കേരളത്തിൽ ഇന്ന് അവശേഷിയ്ക്കുന്ന കോട്ടകളിൽ വലിപ്പം കൊണ്ട് ഒന്നാം സ്ഥാനത്താണു ബേക്കൽ.ഏതാണ്ട് 40 ഏക്കർ സ്ഥലത്തായി അതു പരന്നു കിടക്കുന്നു.ഇതിലും വലിയ ഒരു കോട്ട ഞാൻ കണ്ടത് കർണ്ണാടകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ജില്ലയായ ബീദറിലാണ്.അവിടെ പഴയ ബീദർ പട്ടണം മുഴുവനായി കോട്ടയാൽ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഏതാണ്ട് 5 കി.മീ ചുറ്റളവ് ഉണ്ട് ആ കോട്ടയ്ക്.

കാസറഗോഡ്- കാഞ്ഞങ്ങാട് റെയിൽ ‌റൂട്ടിലും “ബേക്കൽ ഫോർട്ട്” സ്റ്റേഷൻ ഉണ്ട്.ഇവിടെ എക്സ്പ്രസ് ട്രയിനുകൾ നിർത്താറില്ല.ആ സ്റ്റേഷനിൽ നിന്നാൽ കാണുന്ന ബേക്കൽ കോട്ടയുടെ വിദൂര ദൃശ്യം അതീവ സുന്ദരമാണ്.
(ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ നിന്നുള്ള കോട്ടയുടെ വിദൂര കാഴ്ച-ട്രയിനിൽ വച്ച് എടുത്തത്)
ബേക്കലിൽ ഇറങ്ങിയപ്പോൾ വിശപ്പ് കലശലായി.നല്ല ചൂടും.എന്തായാലും ഭക്ഷണം കഴിച്ചിട്ട് കോട്ടകാണാം എന്ന് കരുതി ബസ്‌സ്റ്റോപ്പിന്റെ പരിസരം മുഴുവൻ നോക്കിയിട്ടും ഒരു ഹോട്ടൽ കാണാൻ കഴിഞ്ഞില്ല.എന്തായാലും റോഡ് മുറിച്ചു കടന്ന് കോട്ടയിലേയ്ക്കുള്ള വഴിയിലൂടെ നടന്നു.ഏകദേശം 100-150 മീ നടന്നപ്പോൾ തന്നെ പ്രൌഢഗംഭീരമായ് കോട്ടയുടെ മുൻ‌ഭാഗം പ്രത്യക്ഷപ്പെട്ടു.
(ബേക്കൽ കോട്ടയിലേയ്ക്ക് എത്തിച്ചേരുന്ന വഴി)
ഭാഗ്യം, കോട്ടയുടെ പ്രധാനകവാടത്തിനു എതിരായി തന്നെ ഒന്നു രണ്ട് കടകൾ.അതിലൊന്നു ഒരു നാടൻ ഹോട്ടൽ.ഒട്ടും താമസ്സിയ്ക്കാതെ അങ്ങോട്ട് ചെന്നു.ഒരു കുടുംബം നടത്തുന്ന വളരെ ചെറിയ ഹോട്ടൽ.ഒരു ചേച്ചിയാണവിടുത്തെ പ്രധാനി.അകത്തുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു “ഊണു”പറഞ്ഞു.ഊണു വരാനെടുത്ത സമയത്ത്, ബേക്കൽ കാണാൻ വന്ന മറ്റു ചില കുടുംബങ്ങളെ ചുമ്മാ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവരുടെ ഒക്കെ തൊലിനിറവും ഭാഷയുടെ വ്യത്യാസങ്ങളും ഒക്കെ എന്നെ വല്ലാതെ ആകർഷിച്ചു.തുളുനാടിന്റെ സ്വാധീനമാകാം അതിനു പിന്നിൽ എന്നു തോന്നുന്നു.അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ സൌന്ദര്യം പ്രത്യേകം ഞാൻ ശ്രദ്ധിച്ചു.ശരിയ്ക്കും മലയാളി സുന്ദരി എന്ന് പറയേണ്ടത് ഇവരെയല്ലേ എന്ന് തോന്നാതിരുന്നില്ല !ഇത്തരം ചെറിയ ഹോട്ടലുകൾ പണ്ടെ എനിയ്ക്കു ഇഷ്ടമാണ്.നഗര വൽ‌ക്കരണത്തിനിടയിൽ നമുക്ക് നഷ്ടമാകുന്നവയാണു ഇത്തരം ഇടത്തരം ഭക്ഷണശാലകൾ.ഇതിനിടയിൽ വന്ന ഊണും കഴിച്ച് ഞാൻ വെളിയിലിറങ്ങി.ചൂട് കാരണം തൊട്ടടുത്തുള്ള കടയിൽ നിന്നു വെള്ളവും വാങ്ങി കോട്ടയുടെ കവാടത്തിലേയ്ക്ക് നടന്നു. (കോട്ടയുടെ മുൻഭാഗം)(മുൻ‌വശത്തെ ദൃശ്യങ്ങൾ)


തൊട്ടു മുന്നിൽ ശാന്ത സുന്ദരമായ അറബിക്കടൽ കാണാം.അറബിക്കടലിലേയ്ക്കു തള്ളി നിൽക്കുന്ന രീതിയിലാണു കോട്ട പണിതിരിയ്ക്കുന്നത്.ആർക്കിയോളജിയ്ക്കൽ സർവേയുടെ കീഴിലുള്ള സംരക്ഷിത സ്മാരകം ആണു ഇപ്പോൾ കോട്ട.എന്നാൽ ഈ കോട്ടയുടെ ചരിത്രമോ മറ്റു വിവരങ്ങളോ വിശദീകരിയ്ക്കുന്ന ഒരു ബോർ‌ഡ് പോലും അവിടെ ഇല്ലാത്തതിൽ എനിയ്ക്ക് നിരാശ തോന്നി.ടിക്കറ്റെടുത്ത് ഞാൻ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

(സന്ദർശകർക്കുള്ള അറിയിപ്പ്)
ബേക്കലിന്റെ ചരിത്രം

16 ആം നൂറ്റാണ്ടിലെ തളിക്കോട്ട യുദ്ധത്തിനു ശേഷം തുളുനാട്ടിൽ ആധിപത്യം സ്ഥാപിച്ചിരുന്ന “കേലാടി നായക” രാജാക്കന്മാരാണു ബേക്കൽ കോട്ട പണി കഴിപ്പിച്ചത്.കേരളത്തിലെ മറ്റു കോട്ടകളിൽ നിന്നു വ്യത്യസ്തമായി ഭരണ പരമായ കാര്യങ്ങളൊന്നും തന്നെ ഈ കോട്ടയ്ക്കുള്ളിൽ നിന്നു നടത്തിയിരുന്നില്ല.അധികാര സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.അതിനർഥം പ്രതിരോധാവശ്യങ്ങൾക്കായി മാത്രമായിരുന്നു ഈ കോട്ട പണികഴിപ്പിച്ചത് എന്നാണ്.അറബിക്കടലിൽ ആധിപത്യം സ്ഥാപിയ്ക്കുക എന്നത് അക്കാലത്ത് സ്വന്തം സാമ്രാജ്യം നില നിർത്താൻ ആഗ്രഹമുള്ള ഏതൊരു രാജാവും സ്വീകരിച്ചു വന്നിരുന്ന മാർഗമാണ്.കേരളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള എല്ലാ കോട്ടകളും ഈ ഒരു ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളവയാണ്.വളരെക്കാലം കേലാടി നായകന്മാരുടെ കൈവശം ഉണ്ടായിരുന്ന ഈ കോട്ട പിന്നീട് മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലി പിടിച്ചടക്കി.പിന്നീട് ഇത് ടിപ്പു സുൽത്താന്റെ കീഴിലായിരുന്നു.ടിപ്പു സുൽത്താന്റെ കൊലപാതകത്തിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈവശം വന്നു ചേർന്നു.പ്രൌഢഗംഭീരവും അന്യൂനമായ നിർമ്മാണ വൈദദ്ധ്യം കൊണ്ട് അതി മനോഹരവുമാണു ബേക്കൽ കോട്ട.കോട്ട നല്ല രീതിയിൽ സംരക്ഷിയ്ക്കാൻ ഇപ്പോൾ സർക്കാർ തലത്തിൽ തന്നെ ഒട്ടനവധി നടപടികൾ എടുത്തു വരുന്നുണ്ട്.കോട്ടയ്ക്കുള്ളിൽ കടക്കുമ്പോൾ തന്നെ കാണുന്ന മനോഹരമായ ഉദ്യാനവും മറ്റും ഇതിന്റെ ഭാഗമാണ്.കോട്ടഭിത്തികളൊക്കെയും പായലും ചെടികളും ഒക്കെ മാറ്റി വളരെ മനോഹരമാക്കിയിരിയ്ക്കുന്ന കാഴ്ചയാണു കാണാനാവുന്നത്.കോട്ടയിൽ കയറുമ്പോൾ തന്നെ “മുഖ്യപ്രാണ’ന്റെ ( ഹനുമാൻ) ക്ഷേത്രം കാണാം.കന്നഡയിലും കൂടിയുള്ള ബോർഡ് തുളു രാജാക്കന്മാരായിരുന്ന കേലാടി നായകന്മാരുടെ അന്നത്തെ സ്വാധീനം വെളിപ്പെടുത്തുന്നു.
(മുഖ്യപ്രാണ ക്ഷേത്രം)


(കോട്ടയിൽ കടക്കുമ്പോൾ)കോട്ടയ്ക്കുള്ളിൽ കടന്നാൽ വലതു വശത്താണു അറബിക്കടൽ.ഞാ‍ൻ വലതു വശം വഴി കോട്ട ചുറ്റി കാണാൻ തുടങ്ങി.കോട്ട കാണാൻ വന്ന അനവധി സംഘങ്ങൾ ഉണ്ടായിരുന്നു.അവരിൽ ഒരു കൂട്ടരോടൊപ്പം അവരറിയാതെ ഞാനും കൂടി..കോട്ട കൊത്തളങ്ങളും അവിടെ ഒക്കെ കാണുന്ന പട്ടാള നിരീക്ഷണ കേന്ദ്രങ്ങളുമൊക്കെ സൂചിപ്പിയ്ക്കുന്നത് അക്കാലത്ത് കോട്ടയ്ക്കുണ്ടായിരുന്ന തന്ത്രപരമായ സ്ഥാനമാണ്.


( ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ?)വലതു വശത്തേയ്ക്കു കുടുതൽ ചെല്ലുമ്പോൾ അനന്തമായ സമുദ്ര നീലിമയിലേയ്ക്ക് തള്ളി നിൽക്കുന്ന കോട്ടയുടെ കാഴ്ച കാണാം. ഒരിയ്ക്കൽ കണ്ടാൽ പിന്നെ ജീവിതത്തിൽ ഒരിയ്ക്കലും മറക്കില്ല.അറബിക്കടലിലെ ശാന്തമായ തിരമാലകൾ കോട്ടയിലും കോട്ടയോടു ചേർന്നുള്ള പാറക്കെട്ടുകളിലും വന്നടിയ്ക്കുന്നതിന്റെ താളാത്മകമായ ശബ്ദം കൂടിയാകുമ്പോൾ ഏതു കഠിന ഹൃദയനും ഒരു നിമിഷം വികാര തരളിതനാകുമെന്ന് ഉറപ്പാണ്.കാല്പനിക സൌന്ദര്യത്തിന്റെ പ്രൊജ്ജ്വലമായ മാതൃകയാണു ബേക്കൽ കോട്ട.മനസ്സിൽ പ്രണയം സൂക്ഷിയ്ക്കുന്ന ഏതൊരാളിന്റെ മനസ്സിലും അതു ആലിപ്പഴം പൊഴിയ്ക്കും.
(തിരയും തീരവും ചുംബിച്ചുറങ്ങീ...)


ബേക്കൽ കോട്ടയുടെ മുകളിൽ നിന്ന് അറബിക്കടലിന്റെ വിശാലതയിലേയ്ക്കു മിഴി നീട്ടുമ്പോൾ അന്തരീക്ഷത്തിൽ ഒരു ഗാനം അലയടിച്ചു കാതുകളിൽ പതിച്ചു.“ഉയിരേ..ഉയിരേ......വന്തു എന്നോട് കലന്തിവിട്” മണിരത്നത്തിന്റെ പ്രസിദ്ധമായ “ബോംബെ” എന്ന സിനിമയിൽ റഹ്‌മാന്റെ അനശ്വരമായ പ്രണയഗീതം.അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും തകർത്തഭിനയിച്ചത് ഈ ബേക്കൽ കോട്ടയുടെ മുകളിലാണ്.അക്കാലത്ത് കോട്ട ഇന്നുള്ള അത്രയും ഭംഗിയിൽ അല്ലായിരുന്നു എന്ന് വീഡിയോ കാണുമ്പോൾ അറിയാം.അന്നു അവഗണിയ്ക്കപ്പെട്ടു കിടക്കുകയായിരുന്ന ബേക്കലിന്റെ ഉയിർത്തെഴുനേൽ‌പ്പിന് മണിരത്നവും ഒരു പങ്കു വഹിച്ചു എന്ന് പറയുന്നതാവും ശരി.പടിഞ്ഞാറു ഭാഗത്ത് ഒരു ചെറിയ വാതിലുണ്ട്.അതു വഴി ഇറങ്ങിയാൽ അറബിക്കടലായി.അവിടെ അറബിക്കടലിലേയ്ക് തള്ളി നിൽക്കുന്ന കോട്ടയുടെ ഒരു ഭാഗമുണ്ട്.അതിനോടു ചുറ്റുമുള്ള പാറക്കെട്ടുകളിൽ തിരമാലകൾ വന്ന് അടിച്ചു ചിതറുന്ന കാഴ്ച അതി മനോഹരം എന്നു മാത്രമേ വിശേഷിപ്പിയ്ക്കാനാവൂ.
(കടലിന്നഗാധമാം നീലിമയിൽ..)

ഞാൻ ആ വാതിൽ വഴി ഇറങ്ങി കോട്ടയുടെ ആ ഭാഗത്തേയ്ക്കു പോയി.അവിടെ കുറെ സംഘങ്ങൾ ഉണ്ടായിരുന്നു.കൂട്ടത്തിൽ ഏതോ സ്കൂളിൽ നിന്നു വന്ന കുട്ടികളും.അവരുടെ കളിയും ചിരിയും കൊണ്ട് അന്തരീക്ഷം വളരെ സജീവമായതു പോലെ തോന്നി.നല്ല ചൂടുള്ള വെയിലിലും കടലിൽ നിന്നു വരുന്ന കാറ്റിൽ കുളിർമ്മ തോന്നി.കടലിലുള്ള കോട്ടയുടെ ഈ ഭാഗത്തു നിന്നു തിരിഞ്ഞു നിന്നു കോട്ടയെ നോക്കുമ്പോളാണു അതിന്റെ ഗാംഭീര്യം മനസ്സിലാവുക.അറബിക്കടലിലെ ആധിപത്യത്തിനായുള്ള എത്ര എത്ര പോരാട്ടങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ടാവും..കാലത്തിനും ചരിത്രത്തിനും നിശ്ശബ്ദ സാക്ഷിയായി ബേക്കൽ കോട്ട തലയുയർത്തി നിൽക്കുന്നു.


(അറബിക്കടലിൽ നിന്നുള്ള കാഴ്ച)


തിരികെ കോട്ടയിൽ കടന്ന് ഞാൻ വീണ്ടും കോട്ടയെ വലം വയ്ക്കാൻ തുടങ്ങി.പട്ടാളക്കാർ കാവൽ നിന്നിരുന്ന കോട്ട കൊത്തളങ്ങൾ.ഇപ്പോൾ പുതിയതായി ഉണ്ടാക്കിയിരിയ്ക്കുന്ന ഉദ്യാനത്തിലെ മനോഹര പുഷ്പങ്ങൾ.കോട്ടയുടെ ഒതുങ്ങിയ ഭാഗങ്ങളിൽ തങ്ങളുടേതായ നിമിഷങ്ങളിൽ മുഴുകിയിരിയ്ക്കുന്ന പ്രണയിനികൾ.അനന്തമായ സമുദ്രത്തിന്റെ നീലിമ.ഇത്ര മനോഹരമായ ഒരു കാഴ്ച മറ്റെവിടെയാണു ഉണ്ടാവുക.

നടന്ന് നടന്ന് ബ്രിട്ടീഷ് കാർ പണിത ഒരു “റെസ്റ്റ് ഹൌസി”ന്റെ അടുത്തെത്തി.അതു പൂട്ടിയിട്ടിരുന്നു.ആ ഭാഗത്ത് നിന്നു നോക്കിയാൽ അങ്ങു ദൂരെ ബേക്കൽ ഫോർട്ട് ബീച്ച് കാണാം.ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി.ബീച്ചിൽ പോകേണ്ടതില്ലെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.(ബേക്കൽ ഫോർട്ട് ബീച്ചിന്റെ വിദൂര ദൃശ്യം)

അല്പം കൂടി മദ്ധ്യഭാഗത്തേയ്ക്കു മാറിയാൽ പഴയ തുരങ്കത്തിന്റെ അവശിഷ്ടഭാഗങ്ങൾ കാണാം.ഉള്ളിലേയ്ക്ക് കുറച്ചൊന്നു ഇറങ്ങിയ ശേഷം ഞാൻ തിരികെ പോന്നു.

കോട്ടയുടെ മദ്ധ്യഭാഗത്തായിട്ടാണു പ്രധാന ആകർഷണമായ “നിരീക്ഷണ ഗോപുരം”(Observation Tower).ഇതു ടിപ്പു സുൽത്താനാണു പണി കഴിപ്പിച്ചത്.വളരെ മനോഹരമായി പ്രത്യേക ആകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഞാൻ കയറി.ഒരു നിമിഷം! ഇതു തന്നെ ദൈവത്തിന്റെ സ്വന്തം നാടു എന്ന് ഞാൻ പറഞ്ഞു പോയി.പടിഞ്ഞാറു ഭാഗത്തെ അഗാധ നീലിമ! കിഴക്കു ഭാഗത്ത് വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗി മുഴുവൻ വിളിച്ചോതുന്ന ഗ്രാമീണ ഭംഗി.സമുദ്രവും കരയും ഒരുമിച്ച് സമ്മാനിയ്ക്കുന്ന ആ മനോഹരദൃശ്യം ജീവിതത്തിലൊരിയ്ക്കലും ഞാൻ മറക്കില്ല !
(നിരീക്ഷണ ഗോപുരം)

( വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗി- ദൈവത്തിന്റെ സ്വന്തം നാട്)


ഗോപുരത്തിന്റെ മുകളിൽ നിന്നു ചില ചിത്രങ്ങൾ കൂടി എടുത്ത ശേഷം ഞാൻ തിരികെ പോന്നു.പിന്നെ നേരെ നടന്ന് പ്രധാന വാതിലിനു മുകളിലുള്ള ഭാഗങ്ങളിൽ കയറി.അവിടെ നിന്നു നോക്കിയാൽ അല്പം ദൂരെയായി കോട്ട വാതിലിനു മുന്നിലായി ഒരു മോസ്ക് കാണാം.കോട്ടയ്ക്കുള്ളിലെ ഹനുമാൻ ക്ഷേത്രവും ഈ മോസ്കും അക്കാലങ്ങളിൽ നിലനിന്നിരുന്ന മത സൌഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് നിസംശയം പറയാം.
(ദൂരെ മോസ്ക് കാണാം)

(ചില കിടങ്ങുകൾ)


കോട്ടയുടെ മുകളിൽ നിന്നുള്ള ഭംഗി ഒന്നു കൂടി ആസ്വദിച്ച ശേഷം ഞാൻ തിരികെയിറങ്ങി.കവാടം കടന്ന് വെളിയിൽ വന്നു.ഒരിയ്ക്കൽ കൂടി അതി മനോഹരമായ ബേക്കൽ കോട്ടയെ നോക്കിക്കണ്ടു.ചില ചിത്രങ്ങൾ കൂടി ഓർമ്മയ്ക്കായി എടുത്തു.കോട്ടയിലെയ്ക്ക് ആളുകൾ വരികയും പോവുകയും ചെയ്യുന്നു. ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി ഞാൻ ബേക്കലിനോടു വിട പറഞ്ഞു.ഒരായിരം പട്ടാളക്കാരുടെ ആരവങ്ങൾ എങ്ങു നിന്നോ മുഴങ്ങുന്നതു പോലെ തോന്നി.അതിനും മുകളിൽ പ്രണയാതുരമായ ആ ഗാനം അലയടിച്ചു...”ഉയിരേ..ഉയിരേ......”

കണ്ടില്ലെങ്കിൽ നഷ്ടമെന്ന് നിസംശയം പറയാവുന്ന ഒന്നാണു ബേക്കൽ കോട്ട.ഓരോ മലയാളിയും അതു കണ്ടിരിയ്ക്കണം എന്നാണ് എനിയ്ക്കു പറയാനുള്ളത്.ഗതകാലം നമുക്കു സമ്മാനിച്ച അമൂല്യമായ ഒരു സമ്മാനം തന്നെയാണു അതി മനോഹരമായ ഈ കോട്ട.

ബസ്‌സ്റ്റോപ്പിൽ നിന്ന് തിരികെ കാസറഗോഡ് ബസ് പിടിച്ചു.വെറും അര മണിയ്ക്കൂർ കൊണ്ട് കാസറഗോഡ് എത്തിയപ്പോളാണു രാവിലെ പറ്റിയ അബദ്ധം എന്തായിരുന്നു എന്ന് കൂടുതല മനസ്സിലായത്.കാസറഗോഡിനു വരുന്ന വഴിയിലാണു ചന്ദ്രഗിരി കോട്ടയും ഉള്ളത്.അതു മറ്റൊരിയ്ക്കൽ കാണാമെന്ന് വച്ചു.കാസറഗോഡ് അടുക്കുമ്പോൽ ബസ് ചന്ദ്രഗിരിപ്പുഴയുടെ മുകളിലൂടെയാണു പോകുന്നത്.അതിനു വടക്ക് തുളുനാട് എന്നാണു സങ്കല്പം.ചന്ദ്രഗിരിയുടെ ഫോട്ടോ ആദ്യ ഭാഗത്ത് ഞാൻ കൊടുത്തിരുന്നു.

കാസറഗോഡ് ബസ്സിറങ്ങി ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി.അവിടെ നിന്നും “മധൂർ” എന്ന സ്ഥലത്തെ പുരാതനമായ ക്ഷേത്രം കാണാൻ പോയി.അതിനെക്കുറിച്ചു പിനീടൊരിയ്ക്കൽ എഴുതാം.

തിരികെ കാസറഗോഡ് വന്ന് മംഗലാപുരത്തിനു ബസ് പിടിച്ചു.എപ്പോളൊ ഞാനൊന്നു മയങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ബസ് മംഗലാപുരത്തായി എന്ന് അറിയിച്ചു കൊണ്ട് നേത്രാവതിപ്പുഴയുടെ മുകളിൽക്കൂടിയുള്ള പാലത്തിൽ എത്തിയിരുന്നു.ദൂരെ കടലിൽ താഴാൻ പോകുന്ന അസ്തമനസൂര്യന്റെ മനോഹര ദൃശ്യം.അതു ഞാൻ ക്യാമറയിൽ ഒപ്പിയെടുത്തു.രാവിലെ വരുമ്പോൾ പ്രഭാത സൂര്യനെ കണ്ട്, തിരികെ പോകുമ്പോൾ അസ്തമന സൂര്യൻ കടലിൽ മറയുന്നതും കണ്ട് ഞാൻ മംഗലാപുരം ബസ്‌സ്റ്റാൻഡിൽ ബസ്സിറങ്ങി ഹോട്ടലിലേയ്ക്ക് ഓട്ടോ പിടിച്ചു.

( അടുത്തത്: “വിപ്ലവം പിറന്ന മണ്ണിലൂടെ “- കണ്ണൂരിന്റെ മണ്ണിലൂടെയുള്ള യാത്രകൾ)
47 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബേക്കൽ കോട്ടയുടെ മനോഹാരിത അവർണ്ണനീയമാണ്.പ്രൊഢവും അന്യ്യുനവുമാണ് അതിന്റെ നിർമ്മിതി.മലയാളിയായ ഓരോ ആളും കണ്ടിരിയ്ക്കേണ്ടതാണീ ഗതകാല സ്മാരകം.കാല്പനിക ഭാവം തുളുമ്പി നിൽക്കുന്നു അതിന്റെ ഓരോ മുക്കിലും മൂലയിലും.....!

ദീപക് രാജ്|Deepak Raj said...

നന്നായി ഈ ശ്രമം. വളരെ ഉപയോഗപ്രദമായ പോസ്റ്റ്‌. ബോംബൈ ഫിലിമിലെ പാട്ടും കൂടി ആയപ്പോള്‍ നന്നായി.

ദീപക് രാജ്|Deepak Raj said...

അയ്യോ എന്റെ ആദ്യ കമന്റ് ആയിരുന്നോ.
{{{{ ഠോ }}}}

തേങ്ങാ ഉടച്ചതാ.

സ്നേഹത്തോടെ
(ദീപക് രാജ്)

siva // ശിവ said...

ഈ വിവരണം നന്നായി....നന്ദി ഈ ചിത്രങ്ങള്‍ക്ക്....

Appu Adyakshari said...

സുനിൽ, നന്നായി വിവരിച്ചു. പൈതൃകസ്മാരകങ്ങൾ സംരക്ഷിക്കുകയും അവയെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാനായി നാമിനിയും ഏറെദൂരം മുമ്പോട്ട് പോകേണ്ടിയിരിക്കുന്നു. വീക്ഷണഗോപുരത്തിൽ നിന്നുള്ള ദൃശ്യം അതീവ സുന്ദരം.

മാണിക്യം said...

ബേക്കല്‍ വിവരണം അസ്സല്‍ ആയി. വളരെ വിവരിച്ചെഴുതിയിരിക്കുന്നു
എല്ലാം കണ്മുന്നില്‍ കണ്ടപോലെ തോന്നി ..ചിത്രങ്ങള്‍ അതി മനോഹരം.... ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പാട്ടുകള്‍ അടിക്കുറിപ്പാക്കിയത് നന്നായി.
“ഉയിരേ..ഉയിരേ......വന്തു എന്നോട് കലന്തിവിട്” ... ചിത്രീകരിച്ചപ്പോള്‍ തന്നെ മണിരത്തിനം ബേക്കല്‍ കോട്ടയുടെ സൌന്ദര്യം ചൂണ്ടികാട്ടി,
സുനിലിന്റെ വിവരണം ഒന്നുകൂടി മാറ്റുകൂട്ടി അഭിനന്ദനങ്ങള്‍!!
ഒപ്പം ഇത്രയും നല്ല ഒരു പൊസ്റ്റ് ഇട്ടതിനു നന്ദിയും.

ജിജ സുബ്രഹ്മണ്യൻ said...

ബേക്കൽ കോട്ടയെപറ്റിയുള്ള വിവരണം വായിച്ചപ്പോൾ മനസ്സു കൊണ്ട് അവിടെ എത്തിയതു പോലുള്ള തോന്നൽ.അത്രയും മനോഹരമായി എഴുതിയിരിക്കുന്നു.സ്ഥലത്തെ പറ്റിയും ചരിത്രത്തെപ്പറ്റിയും നന്നായി പഠിച്ചിട്ടുണ്ട്.ആ ചിത്രങ്ങളും അവയുടെ അടിക്കുറിപ്പും വളരെ മനോഹരമായി.************
അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ സൌന്ദര്യം പ്രത്യേകം ഞാൻ ശ്രദ്ധിച്ചു.ശരിയ്ക്കും മലയാളി സുന്ദരി എന്ന് പറയേണ്ടത് ഇവരെയല്ലേ എന്ന് തോന്നാതിരുന്നില്ല !


കുറുക്കന്റെ കണ്ണ് എപ്പോഴും എവിടെയാ ന്ന് ഇതു വായിച്ചപ്പോ മനസ്സിലായീ !!!

അനില്‍@ബ്ലോഗ് // anil said...

ഒരുപാട് തവണ പോയിട്ടുണ്ടിവിടെ. മണിരത്നത്തിന്റെ സിനിമ വരുന്നതിനു മുമ്പ് ആ കൊത്തളങ്ങള്‍ ചിലതൊക്കെ ഇടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. സിനിമയോടെ അതൊക്കെ നന്നാക്കി, പിന്നെ സര്‍ക്കാര്‍ ഏറ്റെടുത്തു.
എത്രസമയം ചിലവഴിച്ചാലും മടുപ്പുതോന്നാത്ത സ്ഥലങ്ങളിലൊന്നാണിത്, കടലുമായി ചേര്‍ന്നിരിക്കുന്നതിനാലാവും. ബോംബെ സിനിമയുമായി ചെറിയൊരു സാമ്യം അക്കാലത്തെ ജീവിത്തിനുണ്ടായിരുന്നതിനാല്‍ ഈ കോട്ട എന്നും മനസ്സില്‍ തന്നെ നില്‍ക്കും

ഒരു ചെറു തുരങ്കം ഉണ്ടായിരുന്നല്ലോ കടലിലേക്കിറങ്ങുന്നത്,വളരെ ചെറുത്. അതു വഴി പോയില്ലെ?

ഹന്‍ല്ലലത്ത് Hanllalath said...

..വളരെ നന്നായി സുഹൃത്തെ,
നമ്മുടെ നാട്ടിലെ പലതും കാണാതെ
വിദേശത്തും അന്യ സംസ്ഥാനങ്ങളിലും സഞ്ചരിക്കുന്നവരാണിന്നു കൂടുതല്‍..
ഈ പരിചയപ്പെടുത്തല്‍ തീര്‍ത്തും ഉപകാരപ്രദം തന്നെ

നാട്ടുകാരന്‍ said...

ഞാന്‍ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എന്റെ ജോലിയുടെ ഭാഗമായി പോയിട്ടുണ്ട് ....
അതുവച്ച് കൊണ്ടുതന്നെ പറയട്ടെ ..... കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം ബേക്കല്‍ ഫോര്‍ട്ട്‌ ആണ്. സുനിലിന്റെ ഫോട്ടോയിലെല്ലാം ഒരു വേനല്‍ ഉണക്ക് കാണുന്നുണ്ട്. മഴ തുടങ്ങിയാല്‍ എന്തൊരു പച്ചപ്പാണെന്നോ ? ഇപ്പോഴത്തെതിന്റെ എത്രയോ അധികമാണ് ആ സൌന്ദര്യം! മഴക്കാലത്ത് ഒന്ന് പോകാന്‍ ശ്രമിച്ചു നോക്കൂ ..... ഒരിക്കലും മറക്കില്ല ആ കാഴ്ച !

manoj said...
This comment has been removed by the author.
manoj said...

"ഞാന്‍ ദുഖിതനായിരുന്നു
ഞാനതിനാല്‍ യാത്ര ചെയ്യ്‌തു
ഞാന്‍ വീണ്ടും ദുഖിതനായി.."

ഓരോ യാത്രയും അറിവാണു. അറിവെന്നാല്‍ ദുഖവുമാണെന്ന സാമാന്യചിന്താഗതിയില്‍ നിന്നാവും യാത്രയുടെ അവസാനം ദുഖിതനായ യാത്രക്കാരനെ നമ്മള്‍ കാണൂന്നത്.

യാത്രകള്‍ എന്താണു ജീവിതത്തിലേക്കു പകര്‍ന്നു തരുന്നത് ? അവ കേവലം പ്രകൃതി ദൃശ്യങ്ങള്‍ മാത്രമല്ല, വ്യത്യസ്ഥരായ മനുഷ്യരെയും അവരുടെ അവസ്ഥകളെയും കാണീച്ചു തരുന്നു.
ഇത്തവണത്തെ യാത്രയില്‍ പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം ചില മനുഷ്യരെക്കൂടി കാണുന്ന കണ്ണുകള്‍, അതെനിക്ക് ഇഷ്ടമായി.

യാത്രകളുടെ ഒരുക്കവും അതിനെക്കുറിച്ചുള്ള സ്വപ്നം കാണലുകളും ഒരു യാത്രയെപ്പോലെ തന്നെ ഊര്‍ജ്ജദായകമാണു.

ഒരേ സ്ഥലത്തേക്കു തന്നെ യാത്ര ചെയ്യ്‌താലും അവയൊക്കെ വ്യത്യസ്ഥമായ അവസ്ഥകള്‍ നല്‍കും. മഴയില്‍ നനഞ്ഞ ബേക്കല്‍, വെയിലില്‍ ജ്വലിച്ചു നില്‍ക്കുന്ന ബേക്കല്‍... കാറ്റില്‍ ആടിയുലയുന്ന മരങ്ങള്‍ക്കിടയില്‍ ഇളകാതെ ഡംഭോടെ തലയുയര്‍ത്തി നില്‍ക്കുന്ന ബേക്കല്‍...

ഇതുപോലെ തന്നെ നമ്മളിലെ ഭാവങ്ങളും. അപ്പോള്‍ ബേക്കല്‍ നമ്മില്‍ നിറക്കുന്ന അനുഭൂതികള്‍ വ്യത്യസ്ഥമാണു.. പ്രണയാതുരനായ നായകനു അവിടെ ' ഉയിരേ .. ഉയിരേ...' എന്ന് മനസ്സുവിങ്ങി നിലവിളിക്കാന്‍ കഴിയും. പ്രതികാര ദാഹിയായൊരാള്‍ അവിടെ വാളുകള്‍ കൂട്ടിമുട്ടുന്ന ത്ന്ധണ ത്ന്ധണ നാദം മുഴങ്ങുന്നതാകും കേള്‍ക്കുക.. അല്ലെങ്കില്‍ കുതിരകളുടെ കുളമ്പടിയില്‍ കോട്ടമുഴുവന്‍ കുലുങ്ങിവിറക്കുന്നതാവും.

യാത്രയിലെ ഭക്ഷണം എന്നത് ഏറ്റവും പ്രധാന ഒന്നാണു. പൊതിച്ചോറുമായി യാത്ര ചെയ്യ്‌തിരുന്ന പഴയകാലം ഇന്ന് പൊയ്പ്പോയില്ലേ...വഴി നടന്നു തളരുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ ചോറും തൈരും തേങ്ങാ ചമ്മന്തിയും അച്ചാറും ഒരു മഹാ മരത്തിന്റെ തണലിലിരുന്നു കഴിക്കുന്നത് യാത്രയിലെ ഏറ്റവും സമ്മോഹനമായൊരു അവസ്ഥയാണു...
ബേക്കല്‍ കോട്ടയില്‍ ചായക്കട നടത്തുന്ന ആ ചേച്ചിയും അവര്‍ വിളമ്പിയ ഭക്ഷണവും ഞങ്ങക്കു കൂടി വിളമ്പാന്‍ തനിക്കു കഴിഞ്ഞു. എഴുത്തിന്റെ ഏറ്റവും സൗന്ദര്യം ഇവിടെ തളം കെട്ടി നില്‍ക്കുന്നു.

(വള്ളുവനാടന്‍ പെണ്‍കുട്ടികള്‍. അവരുടെ സൗന്ദര്യത്തെ വല്ലാതെ പുകഴ്ത്തിയതിനു സ്ത്രീകളില്‍ നിന്നും ഉഗ്രനൊരു ചീത്തവിളി പ്രതീക്ഷിച്ചോളൂട്ടോ...:) 'സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്നു' മജ്ജുനു പണ്ട് ലൈലയെക്കുറിച്ച് പറഞ്ഞ കാര്യം ഞാന്‍ ഓര്‍മ്മിച്ച് ഇക്കാര്യത്തില്‍ നിശ്ശബ്ദനാകുന്നു..:)

തന്റെ എഴുത്തിന്റെ ഒപ്പം ഓടിച്ചാടി നടന്ന് ബേക്കല്‍ കോട്ട കണ്ടപ്പോള്‍ ഞാനും ഒപ്പം ഉണ്ടെന്നു ഒരു തോന്നല്‍.. ഇത് നന്നായി, കാരണം വായനക്കാരനെ ഒപ്പം കൂട്ടാന്‍ കഴിയുന്ന എഴുത്താണു ഒരു യാത്രാവിവരണത്തില്‍ സൂക്ഷിക്കേണ്ടുന്ന എഴുത്തിന്റെ തന്ത്രം.
അങ്ങനെ നോക്കുമ്പോള്‍ , താനൊരു ഇന്ദ്രജാലക്കാരന്‍ തന്നെ..........!

Sapna Anu B.George said...

സുന്ദരമായ ചിത്രങ്ങളും,വിശേങ്ങളും വിവരങ്ങളും, സുനില്‍....ഇതുപോലെയുള്ള വിവരങ്ങളും ചിത്രങ്ങളും എല്ലാവര്‍ക്കും പ്രയോജനപ്പെടും

ബാബുരാജ് said...

നല്ല വിവരണം സുനില്,
അഞ്ചു വര്ഷത്തോളം മുന്‍പ് ഒരിക്കല് അവിടെ പോയിരുന്നു. അന്നു പക്ഷെ പല സ്ഥലങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ് കാടു പിടിച്ച് ഒക്കെ ആയിരുന്നു. സുനിലിന്റെ ചിത്രങ്ങളില് കോട്ട മനോഹരമായിരിക്കുന്നു. ഒരിക്കല് കൂടി അവിടെ പോകണം. നന്ദി.

ഹരീഷ് തൊടുപുഴ said...

വൌ!!!

ലളിതമായ ഭാഷയില്‍ കുറിച്ചിട്ട ഈ വിവരണം തെല്ലും വിരസതയില്ലാതെ വായിക്കുവാന്‍ കഴിഞ്ഞു..

എന്റെ തമിഴ്നാട്ടിലെ പഠനകാലതാണു മണിരത്നത്തിന്റെ ബോംബെ ഇറങ്ങുന്നതു. ആദ്യദിവസം, ഫസ്റ്റ് ഷോ തന്നെ കണ്ടു. അതിലെ ഉയിരേ എന്നുള്ള ഗാനം ശ്വാസം അടക്കിപ്പിടിച്ചിരുന്നണു കണ്ടുതീര്‍ത്തത്. പക്ഷേ അന്നൊന്നും അറിയില്ലായിരുന്നു അതു നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനമായ ബേക്കലില്‍ വച്ചായിരുന്നുവെന്ന്. അന്നൊക്കെ വളരേയേറെ സ്വപ്നം കണ്ടിരുന്നു ആ സ്ഥലത്തിന്റെ പച്ചപ്പില്‍ മുങ്ങി, ബീച്ചിലെ ഓരത്തോടു കൂടി പ്രണയിനിയുടെ തോളത്തു കൈയ്യും ഇട്ട് നടക്കുവാന്‍..


ബേക്കല്‍ സന്ദര്‍ശിക്കുക എന്നത് എന്റെ ചിരകാല സ്വപ്നമാണു. എന്നെങ്കിലും പോകണം..

നമുക്കൊരു പ്ലാനിട്ടാലോ, ഞാന്‍, നാട്ടുകാരന്‍, സോജന്‍, ധനേഷ്...പിന്നെ താങ്കളും കൂടി

Typist | എഴുത്തുകാരി said...

പോയിട്ടില്ല ഇതുവരെ. കുറേ കാലമായി ആഗ്രഹിക്കുന്നതാ‍ണ്. പറ്റിയിട്ടില്ല. ഇപ്പോ ഇതുകൂടി കണ്ടപ്പോള്‍ ഒന്നുകൂടി കൊതിയാവുന്നു പോകാന്‍. പക്ഷേ എപ്പഴാണാവോ?

അതെന്താ ഹരീഷേ ഞങ്ങളൊന്നും വേണ്ടേ?

ശ്രീ said...

ചിത്രങ്ങലും വിവരണവും നന്നായി.

വശംവദൻ said...

നല്ല വിവരണം. ആശംസകൾ.

പാവത്താൻ said...

നല്ല ചിത്രങ്ങൾ. നല്ല വിവരണം.എന്നേയും വിളിക്കുന്നു ബേക്കൽ...ഹരീഷേ ഞാനുമുണ്ട്‌....നന്ദി സുനിൽകൃഷ്ണൻ....ഈ നല്ല പോസ്റ്റിന്‌.

ഗീത said...

ബേക്കലില്‍ പണ്ട് പണ്ട് ഒരിക്കല്‍ പോയിട്ടുണ്ട്. ഒരു 24 വര്‍ഷം മുന്‍പാകും അത്. ഇന്നും മനസ്സില്‍ മായാതെ കിടക്കുന്ന ചില ദൃശ്യങ്ങള്‍ ഈ പോസ്റ്റിലെ ചിത്രങ്ങള്‍ ആയി കണ്ടതില്‍ സന്തോഷം.നല്ല പോസ്റ്റ്.

ജിജ സുബ്രഹ്മണ്യൻ said...

http://www.kanikkonna.com/

ഇവിടെ എല്ലാരും ഒന്നു നോക്കണേ.സുനിലേ എപ്പോളാ ചെലവ് ചെയ്യുന്നത് !!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ദീപക് രാജ്,
ശിവ
അപ്പു
മാണിക്യം
കാന്താരിക്കുട്ടി
hAnLLaLaTh
സപ്നാ
ബാബുരാജ്

ശ്രീ
വശംവദൻ
പാവത്താൻ
ഗീത്

നല്ല വാക്കുകൾക്കും നിർദ്ദേശങ്ങൾക്കും നന്ദി


അനിൽ@ബ്ലോഗ്- തുരങ്കം ഉണ്ടല്ലോ.ഞാൻ ഈ വിവരണത്തിൽ അതിനെ പറ്റി പറഞ്ഞിട്ടുമുണ്ട്.ഉള്ളിലേയ്ക് ഇറങ്ങി നോക്കി.കാടും പടർപ്പും ആയിരുന്നു.

നാട്ടുകാരൻ- നമുക്കൊരു യാത്ര പോകാം മഴക്കാലത്ത്...

മനോജ്- പറഞ്ഞത് വളരെ ശരി.ഓരോരുത്തരുടേയും വീക്ഷണമാണു അതിനെ വ്യത്യസ്തമാക്കുന്നത്.എന്ന സംബന്ധിച്ചിടത്തോളം അതിനു ഒരു കാല്പനിക ഭാവം ആണു തോന്നിയത്.

പിന്നെ, അതു വള്ളുവനാട് അല്ല.തുളുനാടിന്റെ തുടക്കം ആണ്.തുളുനാടൻ സുന്ദരിമാർ ആണവിടെ ഉള്ളത്.

ഹരീഷ്- തീർച്ചയായും.നമുക്ക് പോകാം

Typist | എഴുത്തുകാരി-- നന്ദി.ഹരീഷ് ഉദ്ദേശിച്ചത് തൊടുപുഴ, പാല, പൂഞ്ഞാർ ഭാഗത്തെ ബ്ലോഗ് സുഹൃത്തുക്കളെ ആണു.അതാണു അങ്ങനെ എഴുതിയത്.

ബ്ലോഗ് സന്ദർശിച്ച എല്ലാവർക്കും നന്ദി.

kichu / കിച്ചു said...

ബേക്കല്‍..

എല്ലാ വെക്കേഷനു പോകുമ്പോഴും കരുതും ഇത്തവണ പോണം ഇത്തവണ പോണംന്ന് നടന്നില്ല..
ഇനി ഇത്തവണ നടക്കുമോ...... അതും അറിയില്ല. എന്നാലും പോകും ഒരുനാള്‍ അതുറപ്പ്. അതുവരെ കാണാന്‍ അക്ഷരങ്ങളാല്‍ വരഞ്ഞ ഈ ചിത്രം ഒരനുഭവമായി.

നല്ല എഴുത്ത്. നീണ്ടു നീണ്ടു കണ്ടെങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. :)

“മനസ്സിൽ പ്രണയം സൂക്ഷിയ്ക്കുന്ന ഏതൊരാളിന്റെ മനസ്സിലും അതു ആലിപ്പഴം പൊഴിയ്ക്കും“

ഇനിയും പൊഴിയട്ടെ ആലിപ്പഴങ്ങള്‍ :)

ചാണക്യന്‍ said...

കൊള്ളാം നല്ല വിവരണവും നല്ല ചിത്രങ്ങളും...
പലപ്രാവശ്യം കണ്ട് മറന്ന കാഴ്ച്ചകള്‍ ഓര്‍മ്മിപ്പിക്കാന്‍ ചിത്രങ്ങള്‍ക്ക് കഴിയുന്നു..
ആശംസകള്‍ സുനില്‍ കൃഷ്ണന്‍....

വിജയലക്ഷ്മി said...

വളരെ മനോഹരമായ അവതരണ ശൈലി ..ബേക്കല്‍ക്കോട്ട കണ്ടിട്ടില്ലാത്തവര്‍ക്ക് ,കണ്ടതായി തോന്നിപ്പിക്കും ,മോന്റെ വിവരണം .ഒപ്പമുള്ള ഫോട്ടോസും നന്നായിരിക്കുന്നു ..ഞങ്ങള്‍ 2006 ഇല്‍ മംഗലാപുരത്തുനിന്നും വരുന്നവഴി ബേക്കല്‍ കോട്ട കാണാന്പ്പോയിരുന്നു..എല്ലാം ചുറ്റി കണ്ടു ...അപ്പോഴൊക്കെ പല മിനുക്ക്‌ പണികളും നടത്തുന്നുണ്ടായിരുന്നു ..കുറെ ഫോട്ടോ സും എടുത്തു തിരിച്ചുപോന്നു .,

sojan p r said...

മാഷേ ..
വളരെ നന്നായിരിക്കുന്നു.ബേക്കലില്‍ പോകണമെന്നത്‌ ഒരു വലിയ മോഹമായിരുന്നു..ഇപ്പോള്‍ ഒന്ന് പോയതുപോലെ ആയി..ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.കൂടുതല്‍ കണ്ണൂര്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ഹരീഷ് ചേട്ടാ ..ബേക്കല്‍ പോകാന്‍ ഞാന്‍ ഇപ്പോളെ റെഡി

jayanEvoor said...

പോസ്റ്റ് ഇഷ്ടപ്പെട്ടു!

മൂന്നു തവണ ബേക്കലില്‍ പോവാന്‍ കഴിഞ്ഞ ഒരു ഭാഗ്യവാനാണ് ഞാന്‍....

കുട്ടികളേയും കൊണ്ട് ടൂര്‍ ആയിരുന്നു.

ഒരു തവണ കണ്ണൂര്‍ ആയുര്‍വേദ കോളേജ് കുട്ടികളുമായി കോട്ടയ്ക്കകത്തുകേറിയപ്പോഴേക്കും തകര്‍പ്പന്‍ മഴ!

കുട ചൂടി നിന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ വാച്ചും മൊബൈലും ഏല്‍പ്പിച്ച് പെരുമഴയത്ത് ഞാനും കുറേ കുട്ടികളും കൂടി അവിടം മുഴുവന്‍ നടന്നു കണ്ടു! ടൂറിന്റെ അവസാനം ആയതുകൊണ്ട് പനിപിടിക്കും എന്ന ചിന്തയൊന്നും ഇല്ലായിരുന്നു!

അര്‍മാദിച്ചു!

ജെ പി വെട്ടിയാട്ടില്‍ said...

ഫോട്ടോകളോട് കൂടിയ ബേക്കല്‍ ഫോറ്ട്ടിന്റെ വിവരണം വളരെ രസമായിരിക്കുന്നു.
മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. പിന്നീട് വായിച്ച് വീണ്ടും പ്രതികരിക്കാ.
ദയവായി എന്റെ ജിമെയിലിലേക്ക് ലിങ്ക് അയച്ചാല്‍ തരക്കേടില്ല.
എന്നെ മലയാളം തെറ്റുകൂടാതെ എഴുതാന്‍ പഠിപ്പിച്ച സുനില്‍ കൃഷ്ണനെ എനിക്ക് മറക്കാനാവില്ല.സ്നേഹത്തോടെ
ജെ പി തൃശ്ശിവപേരൂര്‍

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രാവിവരണം നന്നായിരിക്കുന്നു കേട്ടൊ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിച്ചു,
ചാണക്യൻ,
വിജയ ലക്ഷ്മി,
സോജൻ,
ജയൻ ഏവൂർ
JP ചേട്ടൻ
ബിലാത്തി പട്ടണം

അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദി.

പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദി

Unknown said...
This comment has been removed by the author.
Unknown said...

Totally agree with everything you have written about Bekal Fort. It is one of my absolute favourite places. I first went there in 1997 and fell in love with the place. It was a bit neglected even then. Decided then that I would come back with Pramod. Managed to go again last year with all the family. It is a bit easier for us as my aunt lives in Kanjangad.

One addition though. You mentioned that there was no literature for visitors about the history of the fort. You can get leaflets about it if you go to the visitors center which is outside the fort. There are also toilets there (very important, I think).

The beach is lovely as well. When I first went there it was free to all. Now you have to pay an entry fee and wait in a never ending queue to use the changing rooms and shower rooms after your swim. They could have improved that when you consider the amount they charge for entry. But the beach is great, clean and warm water. And quite shallow for some distance so even children can have a good time in the waves.

All in all, a great day out.

വരവൂരാൻ said...

തികച്ചും ഉപകാരപ്രദമായത്‌..... നന്നായി വരച്ചിരിക്കുന്നു...

അരുണ്‍ കരിമുട്ടം said...

ഇപ്പോള്‍ ഓസിനിവിടൊക്കെയോന്ന് പോയ പോലെ
നന്നായി ഈ വിവരണം:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രീത,
വരവൂരാൻ
അരുൺ...

നിങ്ങളുടെ നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി

സായന്തനം said...

അതിമനോഹരം ഈ യാത്രാവിവരണം..
എനിക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണു..
പെട്ടെന്നു അവിടെ സന്ദർശനം നടത്തിയ ഒരു പ്രതീതി..
നന്ദി..

Minnu said...

നന്നായിട്ടുണ്ട്‌ വിവരണം..nice pictures..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സായന്തനം,

സ്നോ വൈറ്റ്..

നിങ്ങളുടെ സന്ദർശനത്തിനും നല്ല വാക്കുകൾക്കും നന്ദി

saju john said...

ലില്ലിക്കുട്ടിയുടെ ബ്ലോഗിലൂടെയാണ് ഇവിടെ വന്നത്...


എന്തൂട്ടാഷ്ടായിത്......സ്സലായിരിക്ക്ണ്..

ങ്ങട്.....തുടര്യാ‍ാ........

താരകൻ said...

പ്രഭാതം മുതൽ പ്രദോഷം വരേയുള്ള ഈ യാത്രയിൽ ബേക്കലിന്റെ ഇതു വരെ കാണാത്തമുഖം കണ്ടതുപോലെ..താങ്ക്യൂ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നട്ടപ്പിരാന്തൻ, താരകൻ...

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.വീണ്ടും വരിക

വയനാടന്‍ said...

ഞങ്ങൾ മലബാറുകാർക്കു (ആവർത്തന)വിരസ്സമായി തോന്നുമായിരുന്ന ഒരു യാത്രയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. യാത്ര തുടരുക

രായപ്പന്‍ said...

"കേലാടി നായക" ആണോ ഞാന്‍ കേട്ടിട്ടുള്ളത്‌ "കേലാടി നായിക്കര്‍" എന്ന രാജ വംശമാണ്‌ ഇത് നിര്‍മ്മിച്ചത്‌ എന്നാണു

പിന്നെ അതിനുള്ളില്‍ മുഴുവന്‍ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു എല്ലാം നശിച്ചു അല്ലേല്‍ നശിപ്പിചു... കുട്ടിക്കാലത്ത് അവിടെ പോയപ്പോ കണ്ട ഓര്‍മ്മ ഉണ്ട്..... അതിന്റെ അവശിഷ്ട്ടങ്ങള്‍ ...
ഇപ്പൊ അതെല്ലാം അവിടുന്ന്‍ മാറ്റി.... ഒരു ൧൦-൨൦ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഒരിക്കലും മടുപ്പ്‌ തോന്നിയിട്ടില്ല... ഇതൊക്കെ വായിച്ചപ്പോ ഒരു നൊസ്റ്റാള്‍ജിക് ഫിലിംഗ്സ്.... നന്ദി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വയനാടൻ-- അഭിപ്രായത്തിനു നന്ദി
രായപ്പൻ- രണ്ടും ഒന്നു തന്നെ.ഇവർ കർണ്ണാടകയിൽ നിന്നുള്ള തുളു രാജവംശം ആണ്.മലയാളീകരിക്കുമ്പോൾ ‘കേലാടി നായിക്കർ” എന്നു പറയുന്നു എന്നേ ഉള്ളൂ
അഭിപ്രായത്തിനു നന്ദി.

വായിയ്ക്കുകയും അഭിപ്രായം അറിയിയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!

നിരക്ഷരൻ said...

ഞാന്‍ വൈകി കോട്ടയിലെത്താന്‍. 5 കൊല്ലം കണ്ണൂര് ജീവിച്ചിട്ടും, വളരെ അടുത്തുള്ള ഈ കോട്ട കാണാന്‍ പറ്റിയില്ല. (അതിനെന്താ ഇപ്പോ കണ്ടു.)

ബോംബെ സിനിമയില്‍ ശരിക്കും കൊതിപ്പിച്ചു മണിരത്തിനം. അന്നത്തെ ക്യാമറാമാനും ഇന്നത്തെ പ്രശസ്ത സംവിധായകനുമായ രാജീവ് മേനോന്‍ കോട്ടയിലെ ഷൂട്ടിങ്ങിനിടയില്‍ ഒരു അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

മഴക്കാലത്ത് പോകണമെന്നാണ് എന്റെ ആഗ്രഹം. നനഞ്ഞ് പായല്‍ പിടിച്ച് കിടക്കുന്നതുകാണാനായിരിക്കും കൂടുതല്‍ രസമെന്ന് തോന്നുന്നു.

പക്ഷെ അന്ന് പോകാമെന്നല്ലാതെ അതിനെപ്പറ്റി എഴുതാന്‍ ഒന്നുമിനി ബാക്കിവെച്ചിട്ടില്ലല്ലോ ? :):)

കണിക്കൊന്ന ബ്ലോഗ് ഓഫ് ദ വീക്ക് ആയതിന് അഭിനന്ദനങ്ങള്‍ .

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നിരക്ഷരൻ,

നല്ല വാക്കുകൾക്ക് നന്ദി.
മഴക്കാലത്ത് പോകണം എന്നിട്ട് എഴുതണം.ഞാൻ ചെന്നത് ചൂട്ടു പൊള്ളുന്ന വെയിലത്ത് ആണ്.ശരിയ്ക്ക് ആസ്വദിയ്ക്കാൻ പറ്റിയില്ല.മഴയുടെ കാൽ‌പ്പനികതയിൽ ബേക്കൽ എങ്ങനെ ആയിരിയ്ക്കും എന്ന് അറിയണമല്ലോ..ബേക്കൽ ബീച്ചും ഞാൻ ഉപേക്ഷിച്ചു.

Dr.Biji Anie Thomas said...

വര്‍ഷത്തില്‍ രണ്ടുമൂന്നു തവന കണ്ണൂര്‍ പോകുമെങ്കിലും സുനിലിന്റെ ഈ വിവരനം തന്നെയാണ് ഇത്തവണ ഓനത്തിന് പോയപ്പോള്‍ ആദ്യമായി ബേക്കല്‍ കോട്ട കാണാന്‍ എനിക്ക് ഇന്‍സ്പിറേഷന്‍ തന്നത്..ശരിക്കും കണ്ടില്ലായിരുന്നുവെങ്കില്‍ എത്ര മിസ് ചെയ്തിരുന്നേനെയെന്ന് എനിക്ക് തോന്നി...
സുന്ദരമായ ഈ വിവരണത്തേക്കാള്‍ അതീതമാണ് അതിന്റെ ഭംഗി, പ്രൌഡി, തലയെടുപ്പ്..
ഫോട്ടോകള്‍ അടിപൊളിയായിട്ടുണ്ട്.

ഒബ്സര്‍വേഷന്‍ ടവര്‍ ഇപ്പോള്‍ പുതുക്കി പണിയുകയാണ്..ഡെഞര്‍ സോണ്‍ എന്നെഴുതി വെച്ചിരിക്കുന്നിടത്ത് (പാറക്കെട്ടുകള്‍ക്കു താഴെ കടല്‍ത്തിരമാലകള്‍ ശക്തിയായി വന്നു പതിക്കുന്നിടം) ചെറുപ്പക്കാര്‍ കടലില്‍ ഇറങ്ങി നില്‍ക്കുന്നത് പോലീസുകാര്‍ വന്ന് വഴക്കു പറഞ്ഞ് ഓടിക്കുന്നുണ്ട്..കുരെപ്പേര്‍ കടലില്‍ മരിച്ചിട്ടുണ്ടത്രേ )

ഞങ്ങള്‍ പോയപ്പോള്‍ വൈകുന്നേരം മഴചാറ്റലുണ്ടായിരുന്നു.കുടയുമില്ലായിരുന്നു..കുറെനേരം കൂടി അവിറ്റെയൊക്കെ ചുമ്മാതെയൊന്നിരിക്കാന്‍ എനിക്കു മോഹം തോന്നി.. സുന്ദരമായ ഓര്‍മ്മകളിലൂടെ ഈ വിവരണം ഒരിക്കല്‍ കൂടി വായിക്കാന്‍ നല്ല രസം..
നന്ദി സുനില്‍..