Thursday, October 21, 2010

ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍‌ക്കലെത്തി നില്‍ക്കുകയാണു.സ്വന്തം നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അതിപ്രധാനമായ അവസരമാണ് ഓരോ പൌരനും കൈവന്നിരിക്കുന്നത്.അത് അത്യധികം വിവേകത്തോടെ ഉപയോഗിക്കുക എന്നത് നമ്മുടെ മാത്രമല്ല, ഭാവി തലമുറയുടെ കൂടി ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടത് പക്ഷവും വലതു പക്ഷവും നേര്‍ക്കു നേര്‍ പോരാടുന്ന ചരിത്രമാണു തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്.കാലാകാലങ്ങളില്‍ രണ്ട് പക്ഷവും സംസ്ഥാനം മാറി മാറി ഭരിക്കുകയും ചെയ്തിട്ടുണ്ട്.( എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്നും ഇടതുപക്ഷത്തിനു ഒരു മേല്‍‌ക്കൈ ഉണ്ടായിരുന്നു)

ഇങ്ങനെ മാറി മാറിയുള്ള ഭരണം യഥാര്‍ത്ഥത്തില്‍ കേരളത്തിനു നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ?എന്താണു രണ്ടു മുന്നണികളും തമ്മിലുള്ള വികസന കാഴ്ചപ്പാടിലുള്ള വ്യത്യാസം? ആരാണു രാഷ്ട്രീയ ഇച്ഛാശക്തിയോടെ കേരളത്തിന്റെ വികസനവും ഭാവിയും മുന്‍‌കൂട്ടി കണ്ട് നയപരിപാടികള്‍ നടപ്പിലാക്കിയിട്ടുള്ളത്?

ഈ ഒരു ചിന്ത ഈ അവസാന നിമിഷത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ ഒരു വിശകലനത്തിലേക്ക് കടന്നാല്‍ 1957 മുതല്‍ ഇന്നു വരെ കേരളത്തിന്റെ വികസനത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് ഇടതുപക്ഷത്തിനു മാത്രമായിരുന്നു എന്ന് കാണാം

1957 മുതലുള്ള സര്‍ക്കാരുകളെ എടുത്താല്‍ ഇടതു പക്ഷം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്കാന്‍ മറ്റൊന്നില്ല.1957 ലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സംഭാവനയായ ഭൂപരിഷ്കരണ നിയമം , 25 ലക്ഷം വരുന്ന പാട്ടക്കുടിയാന്മാരെ ആണു മണ്ണിന്റെ അവകാശികളാക്കിയത്.അതുപോലെ തന്നെ സമഗ്രമായ വിദ്യാ‍ഭ്യാസ നിയമം, ഭരണപരിഷ്കരണ നടപടികള്‍ തുടങ്ങിയവയൊക്കെ ആ സര്‍ക്കാരിന്റെ സംഭാവനയാണ്.

ജനാധിപത്യത്തെ കശാപ്പു ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ 1959 ല്‍ തന്നെ കേരളം കണ്ട മികച്ച പുരോഗമന സര്‍ക്കാരിനെ പിരിച്ചു വിട്ടാണു വികസനത്തോടും ജനാധിപത്യത്തോടുമുള്ള കൂറ് വ്യക്തമാക്കിയത്.

1987 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ് “സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി” തുടര്‍ന്നു വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സാക്ഷരതാ പദ്ധതിയുടെ “തുടര്‍ വിദ്യാഭ്യാസ പദ്ധതി”യേയും മുക്കിക്കൊന്നു.

അധികാരവികേന്ദ്രീകരണത്തിലേക്കുള്ള സുപ്രധാനമായ മുന്നേറ്റം ആയിരുന്നു അതേ സര്‍ക്കാര്‍ കൊണ്ടു വന്ന “ജില്ലാകൌണ്‍സിലുകള്‍”.പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജില്ലാകൌണ്‍സിലുകളെ അകാലത്തില്‍ പിരിച്ചു വിട്ടുകൊണ്ടാണ് ഒരിക്കല്‍ കൂടി ജനാധിപത്യത്തോടും അധികാര വികേന്ദ്രീകരണത്തോടുമുള്ള അവരുടെ ‘കൂറ് ‘വ്യക്തമാക്കിയത്.

പഞ്ചായത്തീരാജ് സമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഇന്‍‌ഡ്യയില്‍ നടപ്പിലാക്കിയത് ഇടതു സര്‍ക്കാരുകള്‍ ആണു 1978 ല്‍ തന്നെ പശ്ചിമ ബംഗാളില്‍ അത് നിലവില്‍ വന്നു.അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്.അതാകട്ടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ പാസായതുമില്ല.വികേന്ദ്രീകരണത്തിന്റെ മറവില്‍ കേന്ദ്രീകരണം കൊണ്ടുവരികയായിരുന്നു ആ ബില്ലിലെ വ്യവസ്ഥ എന്നു കാണാം.

വികേന്ദ്രീകരണം എങ്ങനെ?

താഴേത്തട്ടിലേക്കു ജനാധിപത്യവും വികസനവും രാഷ്ട്രീയ അധികാരവും എത്തിക്കുന്നതിനുള്ള അതീവ സുപ്രധാനമായ നയപരിപാടി ആയിരുന്നു 1996 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ “ജനകീയാസൂത്രണം” വികേന്ദ്രീകരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പദ്ധതി വിഹിതത്തിന്റെ 40% തുക പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയാണു ഇടതു പക്ഷം സ്വന്തം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചത്.ചരിത്രത്തിലാദ്യമായി ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം തീരുമാനിച്ചു.ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍,സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍മ്മ സമിതികള്‍ എന്നിവ വഴി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന വികസന അജണ്ട ജനങ്ങള്‍ തനിയെ കൈകാര്യം ചെയ്തു.ജനകീയാസൂത്രണത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ തന്നെ 3 ലക്ഷത്തിലേറെ വീടുകളും 4 ലക്ഷത്തിലേറെ കക്കൂസുകളും 4873 കി.മീ ജില്ലാറോഡുകളും 11863 കി.മീ പ്രാദേശിക റോഡുകളും നിര്‍മ്മിക്കപ്പെട്ടു.ഇതൊക്കെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയതാണ്.

ജനകീയാസൂ‍ത്രണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുടുംബശ്രീ..1998 ല്‍ തുടങ്ങിയ കുടുംബശ്രീ ഇന്നിപ്പോള്‍ ഏഷ്യയിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ്..37 ലക്ഷം കുടുംബങ്ങളുടെ അത്താണിയാണു ഇന്ന് കുടുംബശ്രീ.കുടുംബശ്രീയുടെ ചില കണക്കുകള്‍ നോക്കൂ

അംഗങ്ങള്‍ - 37 ലക്ഷം
അയല്‍ക്കൂട്ടങ്ങള്‍ - 1.94 ലക്ഷം
വ്യക്തി ഗത തൊഴില്‍ സംരഭങ്ങള്‍ - 27853
പാട്ടകൃഷി - 46,444 കുടുംബങ്ങള്‍
കൃഷി ചെയ്യുന്ന സ്ഥലം,- 6,26,552 ഏക്കര്‍
നിര്‍മ്മിച്ച വീടുകള്‍ - 46,749
ആശ്രയ പദ്ധതിയിലൂടെ ആശ്വാസം കിട്ടിയവര്‍- 69,121
സ്പെഷല്‍ സ്കൂളുകള്‍ - 31
ബാല സഭകള്‍ - 52736
ആ‍കെ നല്‍കിയിരിക്കുന്ന വായ്പകള്‍ - 3958.43 കോടി രൂപ.......


ഇന്നു ഏറ്റവും വലിയ സ്വയം സഹായ സംഘമായി ഇതു വളര്‍ന്നിരിക്കുന്നു.അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ താങ്ങ് ഇന്നു “കുടുംബശ്രീ” ആണെന്ന് നിസംശയം പറയാം.ഇടതു പക്ഷ പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ഇത്.വീകേന്ദ്രീകരണത്തെയും വികസനത്തെയും ഇടതു കക്ഷികള്‍ എങ്ങനെ സമീപിക്കുന്നു എന്നത് വിശദമാക്കാന്‍ വേണ്ടി മാത്രമാണു ഇത്രയും പറഞ്ഞത്.

ഈ വികേന്ദ്രീകരണപ്രക്രിയ നേടിത്തന്നത് വമ്പിച്ച സ്ത്രീ ശാക്തീകരണമാണ്.വീട്ടിനുള്ളില്‍ തളക്കപ്പെട്ടിരുന്ന പതിനായിരക്കണക്കിനു സ്ത്രീകളാണു അധികാരത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്.കുടുംബശ്രീ അവരുടെ സന്തതിയാണ്..ആ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ മിഴിവേകിക്കൊണ്ടാണു 50% സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്..ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഇങ്ങനെയൊന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?

ഇങ്ങനെ അര്‍പ്പണബോധത്തോടെ ജനപക്ഷത്തുനിന്നുള്ള വികസന പരിപാടികളാണു ഇടതു പക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പെടുക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടു വയ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ചെയ്ത ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ തന്നെ അതു മനസ്സിലാവും
നിരന്തരമായി ട്രഷറികള്‍ അടച്ചിട്ടിരുന്ന ഒരു സാമ്പത്തിക സാഹചര്യത്തിലാണു യു ഡി എഫില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരം നേടിയെടുക്കുന്നത്..കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉണ്ടായ പ്രധാനമായ മാറ്റവും സാമ്പത്തിക രംഗത്തുതന്നെ.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തുപോലും പിടിച്ചു നില്‍ക്കുക മാത്രമല്ല ഒരൊറ്റ ദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിയും വന്നിട്ടില്ല..

നികുതി പിരിവിലെ സര്‍വകാല റെക്കോഡാണു.അഖിലേന്ത്യാ തലത്തില്‍ 8% മാത്രം നികുതി പിരിവില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 32% ശതമാനമാണ്.ദേശീയ ശരാശരിയുടെ നാലുമടങ്ങ്.കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വിശദമായ ഒരു അഭിമുഖം ‘കലാകൌമുദി’യിലെ വി.ഡി ശെല്‍‌വരാജ് ധനമന്ത്രിയുമായി നടത്തിയിരുന്നു.അത് ഇവിടെ കാണാം.

നാലരവര്‍ഷക്കാലത്തെ ചില പ്രധാന നേട്ടങ്ങള്‍ കാണൂ

 • 36 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം ജോലിചെയ്തവര്‍ക്കും 2 രൂപക്ക് അരി..അങ്ങനെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ സഹായം.
 • 25ലക്ഷം വരുന്ന പ്രവാസികള്‍ക്ക് ( കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കും ഭാരതത്തിനു വെളിയില്‍ ഉള്ളവര്‍ക്കും) ക്ഷേമനിധി.
 • 2011 ഓടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതി
 • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കര്‍ഷക ആതമഹത്യ് നിത്യ സംഭവമായിരുന്നു.കര്‍ഷകര്‍ക്കായി “കാര്‍ഷിക കടാശ്വാസ നിയമം”.ഒട്ടനവധി ക്ഷേമ പദ്ധതികള്‍.കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ പഴങ്കഥകള്‍
 • 2011 ഓടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം.പാലക്കാട് ജില്ല ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ല ആയിക്കഴിഞ്ഞിരിക്കുന്നു.തൃശ്ശൂര്‍ ,കോഴിക്കോട് ജില്ലകള്‍ തൊട്ടു പിന്നാലെ
 • 40,000 കോടി രൂപയ്കുള്ള പൊതുമേഖലാ കമ്പനി ഓഹരികള്‍ വിറ്റു കാശാക്കി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളത്തില്‍ ആ‍കെയുള്ള 37 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു..ഭാരതത്തിനു തന്നെ ഇത് മാതൃകയാവുന്നു.( ലിങ്ക് കാണുക).
 • പൊതുമേഖലയിലെ ലാഭം കൊണ്ട് പുതിയ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍
 • മികച്ചക്രമസമാധാനപാലനത്തിനു കേരളത്തിനു ദേശീയതലത്തില്‍ അവാര്‍ഡ്
 • സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്തി.
 • ആദ്യമായി ഹെല്‍ത്ത് യൂണിവേര്‍സിറ്റി.ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി
 • 35 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
 • സമസ്ത മേഖലയിലേയും ക്ഷേമനിധി തുക വര്‍ദ്ധിപ്പിച്ചു.കുറഞ്ഞത് 300രൂ.എല്ലാ കുടിശിഖകളും കൊടുത്തു തീര്‍ത്തു
 • മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിച്ചു.മദ്രസകളിലെ മുല്ലാമാര്‍ക്ക് ക്ഷേമനിധി രൂപീകരിച്ചു.
 • സഹകരണമേഖലയിലെ നിക്ഷേപം ഇരുപതിനായിരം കോടിയില്‍ നിന്നും അറുപതിനായിരം കോടിയായി.
 • പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുത്തു.
നാലു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ വിശദവിവരങ്ങള്‍ ഇവിടെ കാണാം ( ലിങ്ക് )

കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്.മികച്ച സംസ്ഥാനത്തിനുള്ളതടക്കം ഒട്ടനവധി അവാര്‍ഡുകളാണു ഈ സര്‍ക്കാര്‍ നേടിയെടുത്തത്.

( ഫോട്ടോയില്‍ ഞെക്കിയാല്‍ വലുതായി കാണാം)
ആഗോളവല്‍ക്കരണ നയങ്ങളും ആസിയാന്‍ കരാറുകളും നടുവൊടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാരിനു കീഴില്‍ , അതിന്റെ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി മാത്രം ഭരിക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതില്‍പ്പരം എന്താണു പ്രതീക്ഷിക്കാനുള്ളത്? ഈ നേട്ടങ്ങള്‍ കടന്നു വന്നത് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് കാണാം.

ഇതിനു ഒരു തുടര്‍ച്ച ആവശ്യമില്ലേ? ജനങ്ങളോട് പ്രതിബദ്ധത കാണിക്കുന്ന ഒരു സര്‍ക്കാരിനു കീഴില്‍ മികച്ച സേവനങ്ങള്‍ നടത്തുന്ന പഞ്ചായത്ത് ഭരണസമിതികളല്ലേ നമുക്കാവശ്യം?

അതുകൊണ്ടു തന്നെ“ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യണം” എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ.. എന്റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ.സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഈ വേളയില്‍ ഒരു നിമിഷം ചിന്തിക്കൂ..ആരെയാണു നമുക്ക് വേണ്ടത്..? ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെയോ അതോ ആഗോളവല്‍ക്കരണത്തിന്റെ പിണിയാളുകളായ കോണ്‍ഗ്രസ് പക്ഷത്തെയോ?


ചിന്തിക്കൂ..ഇനിയും സമയം വൈകിയിട്ടില്ല..ഓരോ വിലയേറിയ സമ്മതിദാനാവകാശവും ഇത്തവണയും ഇടതുപക്ഷത്തിനാകട്ടെ ...!!!

30 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍‌ക്കലെത്തി നില്‍ക്കുകയാണു.സ്വന്തം നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അതിപ്രധാനമായ അവസരമാണ് ഓരോ പൌരനും കൈവന്നിരിക്കുന്നത്.അത് അത്യധികം വിവേകത്തോടെ ഉപയോഗിക്കുക എന്നത് നമ്മുടെ മാത്രമല്ല, ഭാവി തലമുറയുടെ കൂടി ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ്.

സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഈ വേളയില്‍ ഒരു നിമിഷം ചിന്തിക്കൂ..ആരെയാണു നമുക്ക് വേണ്ടത്..? ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെയോ അതോ ആഗോളവല്‍ക്കരണത്തിന്റെ പിണിയാളുകളായ കോണ്‍ഗ്രസ് പക്ഷത്തെയോ?

കുഞ്ഞൂസ് (Kunjuss) said...

എന്റെ വോട്ട് എന്നും ജനനന്മക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്, പാര്‍ട്ടിക്കല്ല!

Francis Dianish said...

Njan janadhipathyathil viswasikkunnavarkke Vote cheyukayullooooo..................

manojpattat said...

കാര്യമാത്രപ്രസക്തം.നന്ദി.

arup said...

"ആ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ മിഴിവേകിക്കൊണ്ടാണു 50% സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്..ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഇങ്ങനെയൊന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?"

ഒരു സംശയം.. ഇത് കേന്ദ്ര ഗവന്മേന്റ്റ് നടപകിയതാണ് എന്ന് പറയുന്നു. പിന്നെ ഈ നിയമ്മം നടപാക്കിയടിനു ശേഷം എതിങ്ങിലും സംസ്ഥാനത്ത് ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പ് നടന്നായിരിന്നോ?

'frandian ' എന്തായാലും കോണ്‍ഗ്രസിന്‌ വോട്ട് ചെയില്ല ആയിരിക്കും . എന്ത് കൊണ്ടെന്നാല്‍ അവിടെ യാതൊരുവിധ ജനാധിപധ്യവും ഇല്ലല്ലോ? :)

Ranjith Jayadevan said...

no vote to either LDF or UDF. they made us leave Kerala in search of a good job, unless u plan to be a politician.

so this time am gonna vote for some independent candidates or not vote at all...

btw, paste more brouchers and ads... more free publicity wont do any harm for ppls party.

അനില്‍@ബ്ലോഗ് // anil said...

നന്നായി പറഞ്ഞിരിക്കുന്നു.
അഭിവാദ്യങ്ങള്‍

മനോഹര്‍ കെവി said...

പല പാളിച്ചകളും പറ്റുന്നു എങ്കിലും, ജനങ്ങളോട് commitment ഉള്ള ഒരു പ്രസ്ഥാനം എന്നാ നിലയില്‍, ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ എപ്പോഴും മുന്നില്‍ തന്നെ. മാധ്യമങ്ങളുടെ ഹിപ്നോടിസം , പലരെയും തെറ്റായ വഴിയിലൂടെ നടത്തുന്നു... ഉദാഹരണം.. പി കെ ശ്രീമതി, ജി സുധാകരന്‍.....ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍, ഒരു ശരാശരി മലയാളി പരിഹാസത്തോടെ ചിരിക്കുന്നു... ആരോഗ്യരംഗത്തും , സഹകരണരംഗത്തും നടത്തിയ സുധീരമായ പരീക്ഷണങ്ങളും , മാറ്റങ്ങളും വരും കാലങ്ങളില്‍ ബോധ്യപ്പെടും....നമ്മളെ പോലുള്ള internet-savvy, white-collar വിഭാഗങ്ങള്‍ ഇത് പെട്ടെന്ന് മനസ്സിലാക്കില്ല...അതുകൊണ്ട് നാം ഭൂരിപക്ഷം വരുന്ന ജനനന്മയെ ഓര്‍ത്തു വോട്ട് ചെയ്യുക .....

ലേഖാവിജയ് said...

സുനില്‍,
പണ്ട് SFI എന്നു അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ നോക്കാറു പോലുമില്ല.
നാട്ടില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ല.
ഇല്ലെങ്കിലുമുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ അവസരം കിട്ടിയാല്‍ അതു ഇടതു മുന്നണിക്കു തന്നെ :)
സുനില്‍ നന്നായി പഠിച്ച് എഴുതിയിരിക്കുന്നു.ഈ പ്രയത്നത്തിനു ആശംസകള്‍.പാര്‍ട്ടിക്ക് വിജയാശംസകള്‍ .

പാവപ്പെട്ടവൻ said...

ഈ സര്‍ക്കാരിന്റെ സഹായം പറ്റിയവര്‍ വികനസനത്തിനു വേണ്ടി ഒരു വോട്ടു എന്ന സന്ദേശം തന്റെ അയാള്‍ പക്കത്ത് എത്തിക്കണം

Unknown said...
This comment has been removed by the author.
മുക്കുവന്‍ said...

36 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി..ഒരു സര്‍ക്കാ‍രിന്റെ സംഭാവന... എനിക്ക് വെറുതെ അരിയല്ലാ വേണ്ടത്, അരി കിട്ടുവാനുള്ള എന്തെങ്കിലും തൊഴിലാണു... അപ്പോള്‍ പിന്നെ എനിക്ക് എരക്കേണ്ടി വരില്ല!!! കഴിഞ്ഞനാലുവര്‍ഷം നാട്ടില്‍ നിന്ന് എത്ര ജനങ്ങള്‍ ജോലിക്കായി നാടുവിട്ടു? പ്രവാസി ക്ഷേമമല്ല... പ്രവാസിയില്ലാതാക്കാനാണു ശ്രമിക്കേണ്ടത് :)

സ്മിത മീനാക്ഷി said...

വോട്ടു ചെയ്യാനാവില്ല, എങ്കിലും സുനിലിന്റെ ലേഖനത്തിനു എന്റെ വോട്ട്.

ഷാ said...

അരി കിട്ടിയവന് ആട് കിട്ടിയില്ലെന്നു...
ആടു കിട്ടിയവന് ഭൂമി കിട്ടിയില്ലെന്നു...
ഭൂമി കിട്ടിയവന് വീടു കിട്ടിയില്ലെന്നു...

ഇലക്ട്രിസിറ്റി വര്‍ക്കര്‍ said...

അഭിവാദ്യങ്ങൾ

നാസര്‍ കാരക്കുന്ന് said...

സുനില്‍ ജി, നന്നായി അവതരിപ്പിച്ചിരിക്കുന്നു, അഭിവാദ്യങ്ങള്‍

ശ്രീനാഥന്‍ said...

നന്നായി സുനിൽ

threekay said...

Well done Mr. Sunil. LDF did many things but the public never realize. They need corruption govt. and are waiting for the next election which will ultimately go to UDF favour. All the media except kairali and mathurbhumi blaming the govt. When I see the TV, some people say, no road, hospital not good, my question to them is that why these hospitals and roads were not there before LDF rule? 1970's when all the labourers and landless were struggling for better wages and ONLY LDF followers fought against these and everyone did benefit from that.
Now everyone is rich and they don’t' have to remember the past days. Interestingly, from the landless, nobody did say I don’t want 10 cents!

I noticed that sometimes,VS comments are kiddish.

My Salutations to the late AKG, EMS, Nayanar and other leaders.

മണിഷാരത്ത്‌ said...

സുനില്‍
പറയാതെ പോയ എത്രയോ കാര്യങ്ങള്‍ .....
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഈ സര്‍ക്കാര്‍ തന്ന ആനുകൂല്യങ്ങളെപ്പറ്റി പറഞ്ഞില്ലങ്കില്‍ നന്ദികേടാവും......
ഇനി ഞാന്‍ പറയട്ടെ
ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുണ്ട്‌ മുറുക്കി ഉടുക്കട്ടെ എന്നാണ്‌ പറഞ്ഞത്‌.അനുഭവിച്ചുകോണ്ടിരുന്ന എന്തെല്ലാം ആനുകൂല്യങ്ങളാണ്‌ ഒരു കറുത്ത ഉത്തരവില്‍ എടുത്തുകളഞ്ഞത്്‌
1.ആദ്യ രണ്ടുവര്‍ഷം അടിസ്ഥാന ശമ്പളം മാത്രമാക്കി
2.ക്ഷാമബത്ത കുടിശ്ശികയാക്കി
3.സറണ്ടര്‍ ആനുകൂല്യം പിന്‍ വലിച്ചു
4.നിയമനനിരോധനം ഏര്‍പ്പെടുത്തി
5.പെന്‍ഷന്‍ കോണ്ട്രിബ്യൂട്ടറിയാക്കി
6.കമ്യൂട്ടേഷന്‍ കുറച്ചു
ഇനിയും എത്ര?
ഉമ്മന്‍ ചാണ്ടി വന്നപ്പോഴോ?
ക്ഷാമബത്തക്കുവേണ്ടി എത്രയോ സമരങ്ങള്‍ നടത്തേണ്ടിവന്നു..4 ക്ഷാമബത്ത കുടിശ്ശികയാക്കിയാണ്‌ ഉമ്മന്‍ ചാണ്ടി പോയത്‌...
5 വര്‍ഷത്തെ ശമ്പളപരിഷ്കരണം അട്ടിമറിച്ചു..
ഈ സര്‍ക്കാരോ?
1.ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ പൊരുത്തക്കേടുകളും പരിഹരിച്ചു
2.ഭവനവായ്പ്പ പുനസ്ഥാപിച്ചു
3.ക്ഷാമബത്ത ഒന്നുപോലുമില്ലാതെ അനുവദിച്ചു
4.ശമ്പളക്കമ്മീഷനെ നിയമിച്ചു
5.എല്ലാവകുപ്പുകളിലും കമ്പ്യുട്ടര്‍വല്‍ക്കരണം
6.ഒരു ദിവസം പോലും ഖജനാവ്‌ അടച്ചില്ല7
7.പ്രസവാവധി 6 മാസമാക്കി
8.എത്രയോ പുതിയ തസ്തികകള്‍ അനുവദിച്ചു
9.യാത്രബത്ത പോലും കുടിശ്ശികയില്ല
ഈ സര്‍ക്കാര്‍ തുടരണം.
കേരളത്തിന്റെ നന്മക്ക്‌...വികസനത്തിന്‌...
ഇനിയും പറയാത്തത്‌ എത്രയോ?
ഇത്‌ അനുഭവമാണ്‌,,..പക്ഷരാഷ്ട്രീയമല്ല...

manoj said...

എന്റെ വോട്ട് അസാധു........
എടോ സുനില്‍, വളരെ കാലത്തിനു ശേഷം കള്ളുകുടിച്ച് പൂസായൊരു ദിവസം ഞാന്‍ തനിക്കൊരു കമന്റ് ഇടുന്നു.
ഇടതു പക്ഷ സര്‍ക്കാര്‍ വികസനം എന്ന് പറയുന്നതൊക്കെ ഒരു വലതുപക്ഷ രീതിയാണു.
കേരളത്തില്‍ രണ്ട് രൂപക്ക് അരി നല്‍കി എന്ന് പറയുന്നതില്‍ അത്രയും തെണ്ടികളെ നിര്‍മ്മിച്ചു എന്ന് കരുതിയാല്‍ മതി. നേതാക്കള്‍ വലിയ മണിമേടകളില്‍ സുഖിച്ച് രമിച്ച് വാഴുമ്പോള്‍ ഇത്തരം ചില ചിന്തകള്‍ ഉണ്ടായേക്കാം.
കമ്മ്യൂണിസ്റ്റു രീതി തൊഴില്‍ മേഖലകളെ സമ്പുഷ്ടമാക്കുകയും എല്ലാവര്‍ക്കും തൊഴില്‍ നല്‍കുകയും എല്ലാവരും സമന്മാരുമാകുന്ന ഒരു ലോകമാണു.
രണ്ട് രൂപക്ക് അരി കിട്ടിയാല്‍ സാമ്പാറും അവിയലും വെക്കാന്‍ ആരു തരും പച്ചക്കറി ? പറയൂ പറയൂ സര്‍ക്കാരേ.. മര്യാദക്ക് പോക്ഷക സമര്‍ദ്ധമായ് ഭക്ഷണം ഞങ്ങള്‍ക്ക് തരൂ..
നിങ്ങളുടെ നേതാക്കളുടെ മക്കളുടെ വിദ്യാഭ്യാസം ഞങ്ങള്‍ക്ക് തരൂ..
അവര്‍ ഈറ്റുന്ന കെന്റക്കി ചിക്കന്‍ തരൂ..
അല്ലാതെ രണ്ട് രൂപക്ക് അരി........ ഒരു കൂര...... ആര്‍ക്ക് വേണമത്... ? പാര്‍ട്ടിയുടെ ആസ്തി വിറ്റ് ഞങ്ങള്‍ക്ക് നല്ല വീട്, നല്ല ജീവിതം തരൂ......... അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ഫ്യൂഡലിസ്റ്റുകള്‍ എന്ന് വിളിക്കും.
പിണറായിച്ചേട്ടാ.. പിണറായി മാമാ പിണറായി മൊയലാളീ...........പിണറായി തൈവമേ ഞങ്ങള്‍ക്ക് എല്ലാം നല്‍കി അനുഗ്രഹിക്കൂ.........
ആ......മേന്‍..!

BinnyVicharam said...

- രാജ്യത്തിലെ പകുതി പെണ്ണുങ്ങളും ഭരണചക്രം തിരിക്കാന്‍ ഇറങ്ങിയത്‌ കൊണ്ട് അവരുടെ കുടുംബനാഥന്‍മാര്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ വഴി കഞ്ഞിയും കറിയും വയ്ക്കാന്‍ പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കാനും, അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ കുക്കിംഗ്‌ ക്ലാസ്സുകള്‍ ആരംഭിക്കാനുമുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം. അല്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പോഷകക്കുറവ് മുഖേന സംസ്ഥാനം ഭീകരമായ ആരോഗ്യ പ്രതിസന്ധി നേരിടെണ്ടി വരും.
പ്രിയ സഹോദരിമാരെ ...ശക്തി തെളിയിക്കേണ്ടത് സംവരണം പിടിച്ചു വാങ്ങിയിട്ടല്ല. കഴിവ് തെളിയിക്കുന്നതിലൂടെയാണ് . ശക്തി തെളിയിക്കാന്‍ സംവരണത്തിന്റെ ആവശ്യവുമില്ല.

റാണി ലക്ഷ്മി ഭായ് ,സരോജിനി നായിഡു , ഇന്ദിര ഗാന്ധി, കിരണ്‍ ബേദി, മദര്‍ തെരേസ, ലത മങ്ങേഷ്കര്‍, കല്പന ചാവ്ല, പി. ടി. ഉഷ, എം. എസ്. സുബ്ബലക്ഷ്മി തുടങ്ങിയവരൊക്കെ സംവരണം കിട്ടീട്ടാണോ പ്രശസ്തരായിതീര്‍ന്നത് ?.അവരുടെ കഴിവ് തെളിയിച്ചത്‌ ?.

ആര്‍ക്കും ഒരു നാളും ഒരു ശക്തിയെയും തടുത്തു വയ്ക്കാനാകില്ല ...

BinnyVicharam said...

രാജ്യത്തിലെ പകുതി പെണ്ണുങ്ങളും ഭരണചക്രം തിരിക്കാന്‍ ഇറങ്ങിയത്‌ കൊണ്ട് അവരുടെ കുടുംബനാഥന്‍മാര്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ വഴി കഞ്ഞിയും കറിയും വയ്ക്കാന്‍ പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കാനും, അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ കുക്കിംഗ്‌ ക്ലാസ്സുകള്‍ ആരംഭിക്കാനുമുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം. അല്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പോഷകക്കുറവ് മുഖേന സംസ്ഥാനം ഭീകരമായ ആരോഗ്യ പ്രതിസന്ധി നേരിടെണ്ടി വരും.

പ്രിയ സഹോദരിമാരെ ...ശക്തി തെളിയിക്കേണ്ടത് സംവരണം പിടിച്ചു വാങ്ങിയിട്ടല്ല. കഴിവ് തെളിയിക്കുന്നതിലൂടെയാണ് . ശക്തി തെളിയിക്കാന്‍ സംവരണത്തിന്റെ ആവശ്യവുമില്ല.

റാണി ലക്ഷ്മി ഭായ് ,സരോജിനി നായിഡു , ഇന്ദിര ഗാന്ധി, കിരണ്‍ ബേദി, മദര്‍ തെരേസ, ലത മങ്ങേഷ്കര്‍, കല്പന ചാവ്ല, പി. ടി. ഉഷ, എം. എസ്. സുബ്ബലക്ഷ്മി തുടങ്ങിയവരൊക്കെ സംവരണം കിട്ടീട്ടാണോ പ്രശസ്തരായിതീര്‍ന്നത് ?.അവരുടെ കഴിവ് തെളിയിച്ചത്‌ ?.

ആര്‍ക്കും ഒരു നാളും ഒരു ശക്തിയെയും തടുത്തു വയ്ക്കാനാകില്ല ...

Vinodkumar Thallasseri said...

നല്ല ഉദ്ദേശത്തോടെ നടപ്പാക്കിയ പല പരിപാടികളും ഫലം കാണാതെ പോയതാണനുഭവം. ജനകീയാസൂത്രണം പോലും. താഴെ തട്ടിലുള്ള പാര്‍ട്ടി നേതാക്കള്‍ക്കുപോലും അതിണ്റ്റെ രാഷ്ട്രീയം മനസ്സിലായിട്ടില്ല. പാര്‍ട്ടി പറയുന്നു, അതുകൊണ്ട്‌ ചെയ്യുന്നു എന്ന്‌ മാത്രം. ഇപ്പോഴത്‌ ഉന്നത തലത്തിലുള്ള കരാര്‍ വ്യവസ്ഥ താഴെ തട്ടില്‍ എത്തിക്കുന്ന തരത്തില്‍ മാത്രം നിലനില്‍ക്കുന്നു എന്നുള്ളതാണ്‌ സത്യം.

ഈ സര്‍ക്കാര്‍ ചെയ്ത പല നല്ല കാര്യങ്ങളും ശരിയായി ജനങ്ങളിലെത്തിയിട്ടില്ല. അതിനേക്കാള്‍ ശക്തിയായും തെവ്രമായും എത്തിയത്‌ അതിലെ ചെറിയ പാളിച്ചകളായിരുന്നു.

ഒരു സാന്തിയാഗോ മാര്‍ട്ടിന്‍ നല്‍കിയ രണ്ട്‌ കോടി രൂപ തകര്‍ത്തത്‌ ഒരു പാര്‍ട്ടിയുടെ വിശ്വാസ്യത തന്നെയാണ്‌. നഷ്ടപ്പെട്ട ആ വിശ്വാസം വീണ്ടെടുക്കാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞതേയില്ല. അയാളെ പോലെയുള്ളവരില്‍ നിന്ന്‌ സംഭാവനയോ കടമോ വാങ്ങാന്‍ തീരുമാനിച്ച നേതാക്കള്‍ക്ക്‌ അതിണ്റ്റെ രാഷ്ട്രീയം അറിയാതെ പോവുമോ?

മാറുന്ന രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകളില്‍ എങ്ങനെ നിലപാടുകളെടുക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ ധാരണയില്ലായ്മ വളരെ വ്യക്തം.

നമ്മള്‍ സങ്കടപ്പെടുക തന്നെ.

AMBUJAKSHAN NAIR said...

എല്ലാ നേട്ടങ്ങളെയും അംഗീകരിക്കുമ്പോള്‍ കടം വാങ്ങി വീട് കെട്ടുന്ന ഒരു ഇടത്തരക്കാരന്റെ ദുഃഖം മനസിലാക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചില്ല. ഒരു തുള്ളിവിയര്‍പ്പു ചിന്താത്തവന് നോക്ക് കൂലി കൊടുക്കേണ്ടി വരുന്ന ഗതികേട്!. അതാണ്‌ എന്ത് ചെയ്താലും സര്‍ക്കാരിനു അപമാനം ആയി ഭവിക്കുന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നന്മ്മക്കായി വളര്‍ന്ന കക്ഷി, അദ്ധ്വാനിക്കാതെ നോക്ക് കൂലി വാങ്ങുന്നത് നിയന്ത്രിക്കാന്‍ ഈ ഭരണത്തിന് സാധിക്കാതെ പോയി.

രമേശ്‌ അരൂര്‍ said...

സുനില്‍ നല്ല ലേഖനം ...
:)

lekshmi. lachu said...

എന്തായാലും അടുത്ത ഇലക്ഷന് ഒന്നു നില്‍ക്കാന്‍ ഞാനും തീരുമാനിച്ചു..

Sapna Anu B.George said...

തകര്‍പ്പന്‍ എഴുത്തുകള്‍ നടക്കുന്നു അല്ലെ??? എന്നിട്ടെന്നെ നീ ഇത്ര നാളായും തിരിഞ്ഞു നോക്കിയിട്ടില്ല അല്ലെ??

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Myonlinemaster.com said...

http://myonlinemaster.com/aboutus.php

Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.

മഴവില്ലും മയില്‍‌പീലിയും said...

ഇത് ക’ണ്ടപ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞു :(