Tuesday, December 6, 2011

മുംബൈയിലെ അന്നത്തെ ഡിസംബര്‍ 6 --( മുംബൈ കഥകള്‍ -3)

ആ ഞായര്‍ ഇന്നും മറക്കാനാവില്ല...1992 ഡിസംബര്‍ 6....തിരിഞ്ഞു നോക്കുമ്പോള്‍ സങ്കടവും വേദനയും അതിലുപരി സന്തോഷവും നിറഞ്ഞ ഒരു ഞായറാഴ്ചയായിരുന്നു.19 നീണ്ട വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.എങ്കിലും മനസ്സിന്റെ കോണില്‍ ഇന്നും ആ ദിവസം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു...

മുംബൈ യൂണിവേര്‍സിറ്റിയിലെ രണ്ടാം വര്‍ഷം.ഡിസംബര്‍ മാസങ്ങള്‍ മുംബൈയില്‍ നല്ല സമയമാണു.തണുപ്പുകാലം തുടങ്ങും.പകല്‍ പതിവുപോലുള്ള കാഠിന്യമില്ല വെയിലിന്.മാത്രവുമല്ല ഡിസംബര്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവധിയുടെ സമയവുമാണ്.ഡിസംബര്‍ അവസാന രണ്ടാഴ്ച അവധിയായതിനാല്‍ എല്ലാവരും നാട്ടില്‍ പോകാനുള്ള ടിക്കറ്റുകള്‍ ഒക്കെ ബുക്ക് ചെയ്ത് ദിവസം കാത്തിരിക്കുന്നു.

അങ്ങനെ സന്തോഷത്തിന്റെ ആ‍ ദിനങ്ങളിലാണു ഞങ്ങള്‍ ഒരു പിക്‍നിക് പ്ലാന്‍ ചെയ്തത്.ഒന്നാം വര്‍ഷം പുതിയതായി വന്ന മലയാളികളും രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന ഞങ്ങളും ചേര്‍ന്ന് മുംബൈയില്‍ നിന്നു ഏകദേശം 10 കി മീ ദൂരെയുള്ള “എലിഫന്റാ ഗുഹകളി”ലേക്കായിരുന്നു പിക്‍നിക്. ഭീകരാക്രമണം നടന്ന “താജി”ന്റെ മുന്നിലുള്ള “ഗേറ്റ് വേ ഓഫ് ഇന്‍‌ഡ്യ”യില്‍ നിന്നും ബോട്ട് സര്‍വീസ് തുടങ്ങുന്നു. 1 മണിക്കൂര്‍ യാത്രയുണ്ട്.എലിഫന്റാ കേവ്‌സിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരിക്കുന്നില്ല.ചില വിവരങ്ങള്‍ ഇവിടെ കാണാം

ഞായറാഴ്ചയുടെ ആലസ്യം ഒഴിവാക്കി എല്ലാവരും അതിരാവിലെ തന്നെ തയ്യാറായി.ഹോസ്റ്റലില്‍ നിന്ന് നടന്ന് പോയാല്‍ ഒരു 10 മിനിട്ടിൽ “വഡാല റോഡ്” സ്റ്റേഷന്‍.അവിടെ നിന്നും 2 രൂ ടിക്കറ്റെടുത്ത് ട്രയിന്‍ കയറിയാല്‍ വി.ടി ( ഇന്ന് സി എസ് ടി) സ്റ്റേഷനില്‍ എത്താം.അന്നത്തെ മിനിമം ചാർജ്ജ് 2 രൂപ ആയിരുന്നു.ഉറക്കെ വര്‍ത്തമാനം പറഞ്ഞും, സന്തോഷം പങ്കു വച്ചും വി ടി സ്റ്റേഷനില്‍ എത്തി.സ്റ്റേഷനില്‍ നിന്നും ‘ടൈംസ് ഓഫ് ഇൻഡ്യ’ യുടെ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിലെ പടികളില്‍ കൂടി നിന്ന് എല്ലാവരും സംസാരിക്കുന്നു.ഗേറ്റ് വേ ഓഫ് ഇന്‍‌ഡ്യവരെ ബസിനു പോകണോ ടാക്സിക്ക് പോകണോ എന്നാണു ചര്‍ച്ച.തൊട്ടു മുന്നില്‍ “ടൈംസ് ഓഫ് ഇന്‍‌ഡ്യാ” ബില്‍‌ഡിംഗ് .

പെട്ടെന്ന് ഞാന്‍ പത്രത്തിന്റെ കാര്യം ഓര്‍ത്തു.മുംബൈയില്‍ അന്നു ഒരു മലയാളപത്രം മാത്രമേ കാലത്തു ലഭിക്കൂ.അവിടെ നിന്ന് തന്നെ ഇറങ്ങുന്ന ‘കലാകൌമുദി‘ പത്രം.കേരളകൌമുദി ഗ്രൂപ്പിന്റെ പത്രം.ശരിക്കു പറഞ്ഞാല്‍ അന്ന് ഞങ്ങളെ നാടിനോട് ചേര്‍ത്തു നിര്‍ത്തിയിരുന്നത് ഈ പത്രം ആയിരുന്നു.ഇന്നത്തെ പോലെ മലയാളം ചാനലുകളോ, മൊബൈൽ ഫോണോ ഇന്റർനെറ്റോ ഒന്നും ഇല്ലാതിരുന്ന ഒരു കാലം.പത്രത്തിലൂടെയും നാട്ടിൽ നിന്ന് വരുന്ന കത്തുകളിലൂടെയും മാത്രമായിരുന്നു ശരിയ്ക്കും കേരളവുമായുള്ള ബന്ധം.ഇപ്പോൾ ഓർക്കുമ്പോൾ അക്കാലമൊക്കെ എത്രയോ വിദൂരതയിൽ ആണെന്ന് തോന്നിപ്പോകുന്നു.ഞാന്‍ പത്രം അത് വാങ്ങാനായി വീണ്ടും സ്റ്റേഷനുള്ളിലേക്ക് പോയി. അവിടെ ഉള്ള ഒരു സ്റ്റാളിൽ നിന്ന് പത്രം വാങ്ങി ഒന്നു നിവര്‍ത്തി നോക്കി..മുന്‍പേജിലെ ആ വാര്‍ത്ത കണ്ട് ഒന്ന് ഞെട്ടി

സിനിമാതാരം മോനിഷാ ഉണ്ണി കാറപകടത്തില്‍ മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത.കൂടെ മോനിഷ പുഞ്ചിരി തൂകി നില്‍ക്കുന്ന ഒരു ഫോട്ടോയും.“ചെപ്പടി വിദ്യ” എന്ന ന്സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുമ്പോള്‍ രാത്രി ഉണ്ടായ കാറപകടത്തില്‍ ( ഡിസ്ം 5)ആണു അത് സംഭവിച്ചത്.ഞാന്‍ വേഗം കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടി. കഴിഞ്ഞ രാത്രി നടന്ന സംഭവം. ആരും തന്നെ അറിഞ്ഞിരുന്നില്ല

“അറിഞ്ഞോ മോനിഷ മരിച്ചു” ഞാനത് പറഞ്ഞ പാതി പത്രത്തിനു വേണ്ടി പിടിവലി ആയി..ഒരു നിമിഷം...എല്ലാ മുഖങ്ങളും വിവര്‍ണ്ണമായതുപോലെ.വിഷാദച്ഛായ ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.അക്കാലത്തെ നായികയായിരുന്ന മോനിഷയെ സ്വപ്നം കണ്ടിരുന്നവര്‍ ആ ഓര്‍മ്മകളില്‍ മുഴുകി.മുല്ലപ്പൂച്ചിരിയും, ചന്തി വരെ നീണ്ട മുടിയും എല്ലാം എന്നത്തെ സൌന്ദര്യ സങ്കല്പങ്ങളില്‍ നിറഞ്ഞു നിന്നു....“മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി” മോനിഷ ആദ്യമായി സിനിമയില്‍ വരുമ്പോള്‍ ഞങ്ങളില്‍ മിക്കവരും പത്താംക്ലാസില്‍ ആയിരുന്നു.പ്രണയത്തിന്റെ അമൂര്‍ത്ത സങ്കല്പങ്ങള്‍ വിരിയുന്ന അക്കാലങ്ങളില്‍ സ്വാഭാവികമായും അവള്‍ നായിക ആയി.ആ സുന്ദരിക്കുട്ടി പോയതില്‍ ഓരോരുത്തരും വേദനപ്പെട്ടു...

അതേ പേജില്‍ മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു “അയോധ്യയില്‍ ഇന്ന് കര്‍സേവ” എന്നതായിരുന്നു അത്..!

അല്പ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ആ ദു:ഖത്തിനു അവധി കൊടുത്ത് ഞങ്ങള്‍ പി‌ക്നിക്കിലേക്ക് പോയി....ബോട്ടുയാത്രയില്‍ തുടങ്ങി അന്നത്തെ പകല്‍ ആനന്ദത്തിന്റേതായിരുന്നു..എലിഫന്റയിലെ അന്നത്തെ പകല്‍ ഞങ്ങള്‍ മതിമറന്നാഘോഷിച്ചു.ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും തമ്മില്‍ നല്ലൊരു ഹൃദയ ബന്ധം അന്നാണുണ്ടാകുന്നത്.യാത്രയുടെ ഉദ്ദേശവും അതു തന്നെ ആയിരുന്നു.
തിരിച്ചു വരുമ്പോള്‍ താജ് എന്ന പഞ്ച നക്ഷത്ര ഹോട്ടലില്‍ കയറി അതിന്റെ ടോയ്‌ലറ്റില്‍ ഒന്നു മൂത്രമൊഴിച്ചു വരാന്‍ ഞങ്ങള്‍ മറന്നില്ല!( താജില്‍ ഒന്നു കയറുക അന്നൊരു സ്വപ്നം ആയിരുന്നു)

വൈകിട്ട് ക്ഷീണിതരായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ ആ വാര്‍ത്ത ഒരു കൂട്ടുകാരന്‍ പറഞ്ഞു...
ബാബറി മസ്‌ജിദ് തകര്‍ത്തിരിക്കുന്നു!!!നാ‍ഷണല്‍ ചാനലില്‍ വന്ന വാര്‍ത്തയാണ്...മലയാളികളായ ഞങ്ങള്‍ക്കിടയില്‍ പിന്നേയും ഒരു മൌനം വന്നു ചേര്‍ന്നു...ഞങ്ങളില്‍ കൂടുതല്‍ പേരും നാട്ടിലെ കോളേജില്‍ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരായിരുന്നു.അക്കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓരോരുത്തരും ഒരിക്കല്‍ കൂടി പങ്കു വച്ചു..1989 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തത്, അദ്വാനിയുടെ രഥയാത്ര...രാജീവ് ഗാന്ധിയുടെ മരണം...

അതേപറ്റി പിന്നീട് ചര്‍ച്ചയുമായി..എന്നാല്‍ മറ്റു പല ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും മസ്‌ജിദ് നിലം പൊത്തിയതില്‍ സന്തോഷിക്കുന്നതായി തോന്നി.ചിലത് പ്രകടിപ്പിക്കുകയും ചെയ്തു.പലരിലേയും വർഗീയ മുഖം അന്ന് കാണാൻ പറ്റി.....ഞങ്ങള്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ക്കായി കാത്തു...

തിരിഞ്ഞു നോക്കുമ്പോള്‍ ദു:ഖം നിറഞ്ഞ ഒരു ദിവസമായിരുന്നു ഡിസംബര്‍ 6..രാവിലെ മോനിഷയുടെ മരണം അറിഞ്ഞു.വൈകിട്ട് ബാബറിപ്പള്ളിയുടെ തകര്‍ച്ചയും !

ഭാരതത്തിന്റെ ഹൃദയ രക്തം തെരുവുകളില്‍ ഒഴുകിയ നാളുകള്‍....!

ഇൻഡ്യയുടെ ചരിത്രത്തെ തന്നെ രണ്ടായി കീറി മുറിച്ച ഒരു ദിവസമാണു കഴിഞ്ഞു പോയതെന്ന് അക്കാലത്ത് അത്ര ചിന്തിച്ചില്ല.എന്നാൽ മുംബൈ അടക്കം പല നഗരങ്ങളിലും അശാന്തിയുടെ വിത്തുകൾ പാകിയ സംഭവമായിരുന്നു ബാബറി മസ്‌ജിദ് തകർച്ച.സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ ( അന്നത്തെ ബോംബെ) നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു.ഏതാണ്ട് ആയിരത്തോളം ആളുകൾ മുംബൈയിൽ മാത്രം കലാപങ്ങളിൽ ജീവൻ വെടിഞ്ഞു.ഭീതിയുടെ നാളുകൾ ആയിരുന്നു അവ.ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.പലയിടത്തും അക്രമങ്ങൾ അരങ്ങേറി.ഞങ്ങളുടെ ഹോസ്റ്റലിന്റെ പുറകുവശത്തെ ജനലിലൂടെ നോക്കിയാൽ ദൂരെ “ആന്റോപ് ഹിൽ”കാണാം.അതിനു മുന്നിൽ വഡാലയിലെ ചേരി പ്രദേശങ്ങൾ.ഒരു ദിവസം വെടിയൊച്ചകൾ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.ജനലിലൂടെ നോക്കുമ്പോൾ ദൂരെ ആന്റോപ് ഹില്ലിനു മുന്നിലെ ചേരിപ്രദേശത്തെ വെളിമ്പ്രദേശത്തെ അക്രമം നടക്കുന്നും.പോലീസ് തുരു തുരെ വെടി വയ്കുന്നു.ആരൊക്കെയോ വീഴുന്നു...മനസ്സ് മരവിച്ചു പോയ ദിനങ്ങൾ..ഹോസ്റ്റലിൽ നിന്ന് വെളിയിലിറങ്ങാതെ കഴിച്ചു കൂട്ടി.സൌഹൃദങ്ങൾ ജാതിക്കും മതത്തിനും വഴിമാറി.

മനുഷ്യ രക്തം തെരുവുകളിൽ ചാലു കീറി...!

മുംബൈ നഗരം ആദ്യമായി ബോംബ് സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചത് അതിനടുത്ത മാർച്ചിലാണ്.സ്റ്റോക്ക് എക്സ്‌ചേഞ്ചിലും എയർ ഇൻ‌ഡ്യാ കെട്ടിടത്തിലും പാസ്‌പോർട്ട് ഓഫീസിലും ഒക്കെ യായി നടന്ന ബോബ്‌സ്ഫോടന പരമ്പരക്കാലവും മറക്കാനാവുന്നില്ല.

ഇതിനെല്ലാം തുടക്കമായത് പുകഞ്ഞ് നീറിക്കൊണ്ടിരുന്ന അയോധ്യാ പ്രശ്നവും പിന്നീട് ഉണ്ടായ ബാബ്‌റി മസ്‌ജിദ് തകർച്ചയുമാണ്.അതിന്റെ തിരുശേഷിപ്പുകളുടെ ദുരന്തം ഇന്നും ഭാരതം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു..വർഗീയതയോട് സന്ധി ചെയ്യുന്ന ഇൻഡ്യൻ ഭരണ വർഗത്തിന്റെ ദീർഘവീക്ഷണക്കുറവിന്റെ പരിണത ഫലം !

കാലമെത്ര കഴിഞ്ഞിരിയ്ക്കുന്നു..എങ്കിലും ഇന്നലത്തെ പോലെ 19 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഓര്‍മ്മകള്‍ കെടാതെ നില്‍ക്കുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലെ കറുത്ത പാടുകളായി ഈ സംഭവങ്ങൾ എന്നും മനസ്സിൽ അവശേഷിയ്ക്കും. മരിയ്കും വരെ !!!

അനുബന്ധം:: മുംബൈ കഥകളുടെ രണ്ടാം ഭാഗം ഇവിടെ വായിയ്ക്കാം - ബസ് നമ്പർ 65,അണിക് ഡിപ്പോ

(കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിളിനോട്)

25 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഭാരതത്തിന്റെ ഹൃദയ രക്തം തെരുവുകളില്‍ ഒഴുകിയ നാളുകള്‍....!

ശിഖണ്ഡി said...

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത, ഇതിന്റെ അര്‍ഥം നഷ്ട്ടപ്പെട്ട ദിവസം

പാവപ്പെട്ടവൻ said...

ശരിയാണു ശാന്തമായ സാമൂഹ്യസാഹചര്യങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയ ഒരു അദ്ധ്യായം ബാബറിമസ്ജിതിന്റെ തകർച്ച. മോനിഷ അതുവരെ ഇല്ലാത്ത നായിക സങ്കൽ‌പ്പങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു ഇന്നും.

saju john said...

മുംബൈ കഥകളുമായി വന്നുവല്ലേ.......

ഇത്തരം പോസ്റ്റുകള്‍ ഇന്നലെകളെ ഇന്നുമായി ചേര്‍ത്തും പേര്‍ത്തും നീരീക്ഷിക്കാന്‍ ഇടനല്‍കുന്നു.

നന്ദി സുനില്‍......

ഈ മുംബൈ കഥകള്‍ ഇടയ്ക്ക് എഴുതുക.

Umesh::ഉമേഷ് said...

ഞാൻ അന്നു് ആന്റോപ് ഹില്ലിൽ (സെക്ടർ 7) താമസിച്ചിരുന്നു. ബോംബെയിൽ ഹിന്ദു-മുസ്ലീം സംഘട്ടനത്തോടൊപ്പം തന്നെ കൊള്ളയടിക്കാൻ വരുന്ന രണ്ടും കെട്ടവരും (ഹിജഡകൾ അല്ല) ഉണ്ടായിരുന്നു. അധികവും ചെറുപ്പക്കാർ.

ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റിനു മുമ്പിൽ ബംഗ്ലാദേശുകാർ പാവങ്ങൾ താമസിച്ചിരുന്ന കുടിലുകൾ ഉണ്ടായിരുന്നു. രാത്രി അതു കത്തിക്കാൻ സാമൂഹികവിരുദ്ധർ വരും, ഹിന്ദു-മുസ്ലീം പേരും പറഞ്ഞു്. ഒരു സർദാർജിയുടെ നേതൃത്വത്തിൽ ഞങ്ങൾ രാത്രി ഊഴമിട്ടു കാത്തിരുന്നു - അങ്ങനെ വരുന്നവരെ ഓടിക്കാൻ.

ബംഗ്ലാദേശുകാർ പാവങ്ങൾ അന്നു രക്ഷപ്പെട്ടു. പക്ഷേ, അധികം താമസിയാതെ സർക്കാർ തന്നെ വന്നു് അവരുടെ കൂരകൾ ഇടിച്ചുനിരത്തി.

ഞായറാഴ്ച സാധാരണ സുഹൃത്തുക്കളെ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു. ഡിസംബർ 6-നു് ഒരു ബന്ധുവിന്റെ വീട്ടിലും ഒരു സുഹൃത്തിന്റെ വീട്ടിലും പോയിരുന്നു. രണ്ടും ഹിന്ദുക്കൾ. രണ്ടു കൂട്ടരും ടീവിയിൽ മസ്ജിദ് തകർക്കുന്നതു കണ്ടു് ആർത്തട്ടഹസിച്ചു കൊണ്ടു് ഇരിക്കുന്നതു കണ്ടു് മനം മടുത്തു പോയി.

Sudeep said...

Sunil, thanks for writing about that day, but some lines are dangerously apolitical.. like Mani Ratnam's film Bombay!

"സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ ( അന്നത്തെ ബോംബെ) നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു.ഏതാണ്ട് ആയിരത്തോളം ആളുകള്‍ മുംബൈയില്‍ മാത്രം കലാപങ്ങളില്‍ ജീവന്‍ വെടിഞ്ഞു.ഭീതിയുടെ നാളുകള്‍ ആയിരുന്നു അവ.ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.പലയിടത്തും അക്രമങ്ങള്‍ അരങ്ങേറി.ഞങ്ങളുടെ ഹോസ്റ്റലിന്റെ പുറകുവശത്തെ ജനലിലൂടെ നോക്കിയാല്‍ ദൂരെ “ആന്റോപ് ഹില്‍”കാണാം.അതിനു മുന്നില്‍ വഡാലയിലെ ചേരി പ്രദേശങ്ങള്‍.ഒരു ദിവസം വെടിയൊച്ചകള്‍ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.ജനലിലൂടെ നോക്കുമ്പോള്‍ ദൂരെ ആന്റോപ് ഹില്ലിനു മുന്നിലെ ചേരിപ്രദേശത്തെ വെളിമ്പ്രദേശത്തെ അക്രമം നടക്കുന്നും.പോലീസ് തുരു തുരെ വെടി വയ്കുന്നു.ആരൊക്കെയോ വീഴുന്നു...മനസ്സ് മരവിച്ചു പോയ ദിനങ്ങള്‍..ഹോസ്റ്റലില്‍ നിന്ന് വെളിയിലിറങ്ങാതെ കഴിച്ചു കൂട്ടി.സൌഹൃദങ്ങള്‍ ജാതിക്കും മതത്തിനും വഴിമാറി.

മനുഷ്യ രക്തം തെരുവുകളില്‍ ചാലു കീറി...!

മുംബൈ നഗരം ആദ്യമായി ബോംബ് സ്ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അതിനടുത്ത മാര്‍ച്ചിലാണ്.സ്റ്റോക്ക് എക്സ്‌ചേഞ്ചിലും എയര്‍ ഇന്‍‌ഡ്യാ കെട്ടിടത്തിലും പാസ്‌പോര്‍ട്ട് ഓഫീസിലും ഒക്കെ യായി നടന്ന ബോബ്‌സ്ഫോടന പരമ്പരക്കാലവും മറക്കാനാവുന്നില്ല.

ഇതിനെല്ലാം തുടക്കമായത് പുകഞ്ഞ് നീറിക്കൊണ്ടിരുന്ന അയോധ്യാ പ്രശ്നവും പിന്നീട് ഉണ്ടായ ബാബ്‌റി മസ്‌ജിദ് തകര്‍ച്ചയുമാണ്." --> This gives an impression that the riots in Bombay was a "reaction" to the Babri Masjid demolition, like many Hindutva forces want us to believe.. what happened in Bombay was a planned assault on the Muslims, following up with the Babri Masjid demolition, by the Sangh forces.

Sudeep said...
This comment has been removed by the author.
Sudeep said...

Also see : Just as Orwell predicted, by Dilip D'Souza.

Rajeeve Chelanat said...

ബാബറി മസ്‌ജിദിനു മുമ്പും, പിൻപും എന്ന് ഭാരതം കൃത്യമായി അടയാളപ്പെട്ട ദിവസം..

അഭിവാദ്യങ്ങളോടെ

Typist | എഴുത്തുകാരി said...

ഒരു കറുത്ത ദിവസത്തിന്റെ ഓർമ്മകൾ. മോനിഷ അകാലത്തിൽ പൊലിഞ്ഞുപോയില്ലേ.

ലത said...

മോനിഷ പോയതിന്റെ വേദനയിലായിരുന്നു അന്ന്. ബാബറി മസ്ജിദിനെപ്പറ്റി ആകുലപ്പെട്ടതേ ഇല്ല.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പക്ഷേ...

ലത said...

മോനിഷ പോയതിന്റെ വേദനയിലായിരുന്നു അന്ന്. ബാബറി മസ്ജിദിനെപ്പറ്റി ആകുലപ്പെട്ടതേ ഇല്ല.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പക്ഷേ...

കുഞ്ഞൂസ് (Kunjuss) said...

ഞാനും ഓര്‍ത്തതേയുള്ളൂ ആ സംഭവത്തെക്കുറിച്ച്... ഞങ്ങള്‍ അന്ന് കല്‍ക്കട്ടയില്‍ (ഇന്നത്തെ കൊല്‍ക്കൊത്ത) ആയിരുന്നു . ഭക്ഷണം ഇല്ലാതെ വെള്ളം ഇല്ലാതെ ഭീതിയോടെ കഴിഞ്ഞ നാളുകള്‍ ....ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍ പാല്‍ വിതരണം ചെയ്തിരുന്ന അബ്ബാജി എന്ന്‌ എല്ലാരും വിളിക്കുന്ന അബ്ദു ഭായും കുടുംബവും കത്തിചാമ്പലാവുന്ന കാഴ്ച ഉറക്കം കെടുത്തിയ നാളുകള്‍... ഓര്‍മയില്‍ പോലും നടുക്കം ഉണര്‍ത്തുന്ന നാളുകള്‍... സുനിലിന്റെ പോസ്റ്റ് എല്ലാം വീണ്ടും കണ്മുന്നില്‍ കൊണ്ടുവന്നു....

മോനിഷയുടെ മരണം കുറെ ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് അറിയുന്നത്.

Vivek said...

സുനില്‍
എന്‍റെ മനസ്സിലും ഒരുപാടു ഓര്‍മകളുടെ തിര ഉയര്‍ത്തുന്നതായിരുന്നു സുനിലിന്റെ കുറിപ്പ്. ആ സംഭവങ്ങളുടെ ആഘാതം അത് ജീവിച്ച നമുക്ക് മറക്കാനാവില്ല. കൂടെ മുംബൈയും ഒരുപാട് മാറി.

PARVATHY said...

without knowing the fact that human beings cannot be differentiated in caste creed or religion they were attacking each other in vengeance. May the political parties also knew that the best way to create differences is by the name of religion. but actually the families who have undergone this plight will know the pain.. nicely written sunil.. i know this better because when the riots had been there in Gujarat i had witnessed.. it was horrifying...

കാസിം തങ്ങള്‍ said...

ഡിസമ്പര്‍ 6 ന്റെ ദുഖസ്മൃതികള്‍.

സ്മിത മീനാക്ഷി said...

ആ ദിവസത്തെ മുംബൈ ഞാനും ഭയപ്പാടോടെ ഓര്‍മ്മിക്കുന്നു. ഒരു ഗവേഷണ സ്വപ്നവുമായി B A R C യില്‍ ഇന്റര്‍വ്യൂവിനു വന്നെത്തിയത് ആറാം തീയതി, മുംബൈയില്‍ കുടുങ്ങിപ്പോയ ഒരാഴ്ച , കേരളത്തിലെ ജീവിതകാലത്തില്‍ അന്നുവരെ അറിയാതിരുന്ന ഭയം ആ ദിവസങ്ങളില്‍ അനുഭവിച്ചു.. ഓര്‍മ്മപ്പെടുത്തലിനു നന്ദി സുനില്‍ ...

Manju Manoj said...

ഓര്‍മകളെ തിരിച്ചു കൊണ്ട് വരുന്ന പോസ്റ്റ്‌ സുനില്‍.... ബാബറിമസ്ജിദ് തകര്ന്നതിനെക്കാള്‍ മോനിഷ മരിച്ച ദുഃഖം ആയിരുന്നു അന്നെനിക്ക്... പിന്നെ കുറെ കാലം കഴിഞ്ഞു ആണ് അന്ന് യഥാര്‍ത്ഥത്തില്‍ മസ്ജിദ്‌ നു എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായത്‌:(((

ജിജ സുബ്രഹ്മണ്യൻ said...

1992 ഡിസംബർ 6 നായിരുന്നു ബാബറി മസ്ജിദ് തകർക്കപ്പെട്ടത്.ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അന്ന് സംഭവിച്ചത്.പിറ്റേ വർഷം 1993 ഡിസ്സംബർ 6 നായിരുന്നു ഞങ്ങളുടെ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചത്.ഓരോ വർഷവും ക്ലാസ്സ് ഡേ ആയി ഡിസംബർ 6 ഞങ്ങൾ ആഘോഷിക്കാറുണ്ട്.ഓരോ വർഷവും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയോടെ ആണു ഡിസംബർ 6 കടന്നു പോകുന്നത്.ഈ ദിനത്തെപ്പറ്റി ഒരിക്കൽക്കൂടെ ഓർമ്മപ്പെടുത്തിയതിനു നന്ദി സുനിൽ

dileep kumar said...

ഡിസംബര്‍ ആറ... ഭയപ്പാടിന്റെ ഓര്‍മ്മകള്‍ തന്നെയാണ് ബാക്കിയാക്കുന്നത്,അന്ന് ചെര്‍കകള മുതല്‍ കാസര്ഗോഡ് ടൌണ്‍ വരെ രോഷാകുലരായ ജനം പാഞ്ഞടുക്കുന്ന വീഥിയിലൂടെ കാല്‍നടയായി പോകണ്ടി വന്നതിന്റെ അനുഭവം ഇന്നലപോലെ മനസ്സില്‍ ഓടിയെത്തുകയാണ്.ഒരു നാടിന്‍റെ സ്വസ്ഥതക്ക് മേല്‍ തീ കൊരിയെറിഞ്ഞ വര്‍ഗീയ കോമരങ്ങളുടെ അഴിഞ്ഞാട്ടം . അപ്പോഴും അങ്ങ് അയോധ്യയില്‍ ഹിന്ദു മുസ്ലിമിനും മുസ്ലിംഹിന്ദുവിനും അഭയമെകുന്നതും താങ്ങുംതണലുമാവുന്നതുമായ കാഴ്ച മതേതര ഭാരതത്തിന്റെ ഭാവി പ്രതീക്ഷകള്‍ നെയ്തുകൂട്ടാന്‍ പ്രചോദനം തരുന്നതായിരുന്നു .

വേണുഗോപാല്‍ said...

അന്ന് ഞാന്‍ അന്റൊപ് ഹില്ലിലെ സെക്ടര്‍ ഏഴിലെ ഒരു കെട്ടിടത്തില്‍ നാട്ടില്‍ നടക്കുന്ന പെങ്ങളുടെ താലികെട്ടില്‍ പങ്കെടുക്കാനാകാതെ വിമ്മിഷ്ട്ടപെടുകയായിരുന്നു...
മൂന്ന് ദിവസം കട്ടന്‍ ചായയും മിക്ചറും ''''''''
നാലാം ദിവസം പട്ടാളം ഇറങ്ങിയതിനു ശേഷമാണ് എന്തെങ്കിലും ചില സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞത് .... അപ്പോഴും കര്‍ഫ്യൂ നില നിന്നിരുന്നു .. കാണാന്‍ വയ്യാത്ത ഒത്തിരി കാഴ്ചകള്‍ ആ ദിനങ്ങളില്‍ കണ്ടു ഞെട്ടി വിറച്ചു ... അതൊന്നും ഇവിടെ പകര്‍ത്താന്‍ കൊള്ളില്ല .
ഈ ഓര്‍മ്മിപ്പിക്കല്‍ നന്നായി സുനില്‍ ...

Muralee Mukundan , ബിലാത്തിപട്ടണം said...

തിരിഞ്ഞു നോക്കുമ്പോള്‍ ദു:ഖം നിറഞ്ഞ ഒരു ദിവസമായിരുന്നു ഡിസംബര്‍ 6..രാവിലെ മോനിഷയുടെ മരണം അറിഞ്ഞു.വൈകിട്ട് ബാബറിപ്പള്ളിയുടെ തകര്‍ച്ചയും !

ഈ കുറിപ്പുകളിലൂടെ ഞങ്ങളൊക്കെ വീണ്ടും ആ 19 കൊല്ലങ്ങൾക്ക് മുമ്പുള്ള കറുത്തദിനത്തിലേക്ക് എത്തിപ്പെട്ടു...!

indrasena indu said...

വർഗീയതയോട് സന്ധി ചെയ്യുന്ന ഇൻഡ്യൻ ഭരണ വർഗത്തിന്റെ ദീർഘവീക്ഷണക്കുറവിന്റെ പരിണത ഫലം !

touching..

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

മറന്നിട്ടില്ല ഡിസംമ്പര്‍ ആറ്..
വീണ്ടും ഒരിക്കല്‍ കൂടി എല്ലാം ഓര്‍ത്തു.
ഇനി ഒരിക്കലും ഇങ്ങനെ ഒരു സംഭവമുണ്ടകരുതേ
എന്ന പ്രാര്‍ത്ഥനയോടെ......

മോനിഷയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....