Saturday, July 19, 2014

ഗാന്ധിസം - അല്പം ചിതറിയ ചിന്തകൾ.............

ദരിദ്രനാരായണന്മാർ എന്നാണു ഗാന്ധിജി പാവപ്പെട്ടവരെ വിളിച്ചത്..ദരിദ്രരാണു എന്റെ ദൈവം എന്നതായിരുന്നു ഗാന്ധിയുടെ ദർശനം..ദരിദ്രരുമായി താദാത്മ്യം പ്രാപിക്കാൻ അദ്ദേഹം അവരിലൊരാളായി എല്ലാ അർത്ഥത്തിലും , ധരിച്ചിരുന്ന വേഷത്തിലടക്കം..തീവണ്ടിയിൽ പോലും അന്ന് മൂന്നാം ക്ലാസിലേ സഞ്ചരിയ്ക്കുമായിരുന്നുള്ളൂ..

എന്നാൽ ഈ താദാത്മ്യം പ്രാപിക്കലിലും അനുകമ്പയിലും വ്യക്തിവിശുദ്ധതയിലും അവസാനിയ്ക്കുന്നു ഗാന്ധിദർശനത്തിലെ ദരിദ്രനാരായണ്മാരോടുള്ള ഉത്തരവാദിത്വം.അവരെ വിമോചനത്തിലെ പടയാളികളാക്കാനോ അങ്ങനെ ഒരു കരുത്തുറ്റ ശക്തിയാക്കി മാറ്റി അധികാരത്തിലേക്ക് മുന്നേറ്റം നടത്തുവാനോ ഗാന്ധിയോ ഗാന്ധിസമോ ഒരുകാലത്തും അനുവദിച്ചിരുന്നില്ല. 'അഹിംസാ സിദ്ധാന്തം' തന്നെ ഒരർത്ഥത്തിൽ ഇങ്ങനെ പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്നേറ്റത്തിനും തടയിട്ടു എന്നതാണു സത്യം. അതല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു . ഇൻഡ്യയിൽ വളർന്നു വന്നിരുന്ന വിപ്ലവപ്രസ്ഥാനത്തിനു മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ഈ നിലപാട് മൂലം കൂടിയായിരുന്നു..

ഈ മുന്നേറ്റങ്ങൾക്ക് തടയിടാൻ അഹിംസ സിദ്ധാന്തത്തെ എന്നപോലെ ജാതി-മത ബിംബങ്ങളേയും ഗാന്ധിജി അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചു. ഗാന്ധി എന്ന് ഞാൻ പറയുമ്പോൾ ഗാന്ധിസം എന്നാണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക തലത്തിൽ ദരിദ്രനാരായണന്മാർ എന്ന പേരിട്ട് പാവപ്പെട്ടവരായ തൊഴിലാളികളെ വിളിച്ചുവെങ്കിലും എങ്ങനെ അവരുടെ മുന്നേറ്റം തടഞ്ഞുവോ അതുപോലെ സാമൂഹ്യതലത്തിൽ ജാതി-മതവ്യവസ്ഥകൾറക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ ആ മുന്നേറ്റവും അവസാനിപ്പിച്ചു. ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതല്ല എന്നൊരു കാഴ്ചപ്പാട് പോലും ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന് വേണം കാണാൻ..

ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വേളയിൽ അദ്ദേഹം നടത്തിയ സംഭാഷണം ഇതിനു ഒരു ഉദാഹരണമാണു..ജാതിവ്യവസ്ഥിതിയെപ്പറ്റി സംസാരിയ്ക്കുമ്പോൾ സംശയാലുവായ ഗാന്ധിജി, ഇരുവരുടെയും കൂടിക്കാഴ്ച നടന്ന മനയ്ക്കലെ ആല്‍മരം ചൂണ്ടി ചോദിച്ചത് ഇങ്ങനെ ആയിരുന്നു

" അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ?"
അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ:
"ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും".

'ഹരിജനങ്ങൾ" അങ്ങനെ തന്നെ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയെപ്പറ്റി മാത്രമേ ഗാന്ധി ചിന്തിച്ചിരുന്നുള്ളൂ.അങ്ങനെ പരോക്ഷമായിട്ടെങ്കിലും നിലനിന്നിരുന്ന ജാതിവ്യവസ്ഥിതിയുടെ ഒരു മൂടുതാങ്ങിയായി മാത്രം ഗാന്ധിസം നിലകൊണ്ടു.എന്നാൽ ഇതേ ഗാന്ധിജി തന്നെ നമ്മുടെ സ്വന്തം കേരളത്തിൽ ജാതിവിവേചനത്തിന്റെ ഇരയായിട്ടുണ്ടെന്നുള്ളതും കൗതുകകരമാണു.

വൈക്കം സത്യാഗ്രഹകാലത്ത് അവിടം സന്ദർശിച്ച ഗാന്ധിജി അന്ന് ക്ഷേത്രഭരണത്തിന്റെ ചുമതലക്കാരനായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരുമായി സന്ധി സംഭാഷണത്തിനു ചെന്നപ്പോൾ വൈശ്യനായ ഗാന്ധിയെ മുറ്റത്തിരുത്തി പടിപ്പുരയിൽ കസേരയിലിരുന്നാണു അന്നത്തെ കാരണവർ സംസാരിച്ചത്.അത്രയ്ക്കുണ്ടായിരുന്നു കേരളത്തിലെ ജാത്യാചാരം ! ഇത് ചരിത്രപുസ്തകങ്ങൾ തരാത്ത നമ്മുടെ ചരിത്രം !

പറഞ്ഞു വന്നത്, വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ദരിദ്രരോടുള്ള ചായ്‌വും എന്നും ഉയർത്തിപ്പിടിച്ചിരുന്ന ഗാന്ധിജി ഇന്ന് നാം പറയുന്ന അർത്ഥത്തിൽ ഒരു വർഗീയവാദി ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.എന്നാൽ സാമൂഹ്യ- സാമ്പത്തിക തലങ്ങളിൽ ഗാന്ധിസം ജാതി വ്യവസ്ഥയേയും അതിന്റെ സാമ്പത്തിക രൂപമായ ഫ്യൂഡലിസത്തേയും താങ്ങി നിർത്തി എന്ന് പറയേണ്ടി വരും.

ദരിദ്രസാമാന്യജനങ്ങളോടുള്ള ഗാന്ധിയൻ വീക്ഷണത്തിന്റെ എല്ലാ പോരായ്മകളേയും ഇല്ലാതാക്കി അതിന്റെ വികസിതരൂപമാണു തങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്യൂണീസം എന്ന് ഇ എം എസിനെപ്പോലെയുള്ളവർ പറഞ്ഞിട്ടുള്ളതും ഈ അർത്ഥത്തിൽ തന്നെ !


8 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ദരിദ്രരോടുള്ള ചായ്‌വും എന്നും ഉയർത്തിപ്പിടിച്ചിരുന്ന ഗാന്ധിജി ഇന്ന് നാം പറയുന്ന അർത്ഥത്തിൽ ഒരു വർഗീയവാദി ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.എന്നാൽ സാമൂഹ്യ- സാമ്പത്തിക തലങ്ങളിൽ ഗാന്ധിസം ജാതി വ്യവസ്ഥയേയും അതിന്റെ സാമ്പത്തിക രൂപമായ ഫ്യൂഡലിസത്തേയും താങ്ങി നിർത്തി എന്ന് പറയേണ്ടി വരും .

Muralee Mukundan , ബിലാത്തിപട്ടണം said...

സാമ്പത്തിക തലത്തിൽ ദ
രിദ്രനാരായണന്മാർ എന്ന പേരിട്ട്
പാവപ്പെട്ടവരായ തൊഴിലാളികളെ
വിളിച്ചുവെങ്കിലും എങ്ങനെ അവരുടെ മുന്നേറ്റം
തടഞ്ഞുവോ അതുപോലെ സാമൂഹ്യതലത്തിൽ ജാതി-മതവ്യവസ്ഥകൾറക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ ആ മുന്നേറ്റവും അവസാനിപ്പിച്ചു.
ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതല്ല എന്നൊരു
കാഴ്ചപ്പാട് പോലും ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന് വേണം കാണാൻ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്താര്‍ഹമായ വിഷയം

ജഗദീശ് എസ്സ് said...

പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്നേറ്റത്തിനും ആരും തടയിടാഞ്ഞ റഷ്യയിലേയും ചൈനയിലേയും സ്ഥിതി ഇന്ന് എന്താണ്? ചൈനയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് പരിശോധിച്ചു നോക്കൂ. തര്‍ക്കിക്കാനാവില്ല. കാര്യങ്ങള്‍ സ്വയം മനസിലാക്കുക എന്നതാണ്.
നാം തുടരുന്ന ഈ ചൂഷണ വ്യവസ്ഥ 10000 ല്‍ അധികം കൊല്ലം പഴക്കമേറിയതാണ്. അതിന്റെ മുകളില്‍ നിന്ന് അധികാരിയെ മാറ്റിയതുകൊണ്ട് ഒരു കാര്യവുമില്ല. വേഗം തന്നെ അത് പഴയതുപോലെ ആകും. ഈ പഴഞ്ചന്‍ യന്ത്രത്തെ വലിച്ചെറിഞ്ഞ് പുതിയത് സൃഷ്ടിക്കണം. അതിന് അഹിംസയും അറിവുമാണ് ആവശ്യം. അല്ലാതെ അക്രമല്ല.

നാം കാണാനാഗ്രഹിക്കുന്ന മാറ്റങ്ങള്‍ നമ്മളില്‍‍ തന്നെ സൃഷ്ടിക്കണമെന്നാണ് ഗാന്ധി പറഞ്ഞത്. അല്ലാതെ മാറ്റങ്ങള്‍ ഗാന്ധിയില്‍ കാണമെന്നല്ല.
ഗാന്ധിയെ ഉപയോഗിക്കാനാവുമെങ്കില്‍ ഉപയോഗിക്കു. അല്ലെങ്കില്‍ തള്ളിക്കളയുക. അയാള്‍ ദൈവമല്ല.

ajith said...

If I was in his shoes.......!!

Vinodkumar Thallasseri said...

ഒരു വലിയ വിഷയത്തിലേക്കുള്ള ചൂണ്ടുപലക. തുടരുക ഇത്തരം വിരല്‍ ചൂണ്ടലുകള്‍.

ശ്രീ said...

നല്ല ചിന്തകള്‍

Priyavrathan said...

ഒരു 'പരിഷ്കൃത'നിൽ നിന്നും 'മഹാത്മാവി'ലേക്കുള്ള പരിണാമം ഗാന്ധിയുടെ വ്യക്തി ജീവിതത്തിൽ കാണാം. ലക്ഷ്യവും മാർഗവും ഒരുപോലെ സംശുദ്ധമായിരിക്കണം എന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ കാലഘട്ടങ്ങളിലൂടെ മാറിക്കൊണ്ടിരുന്നു. (മാറ്റം മാത്രമാണ് സ്ഥായി ആയുള്ളതു എന്നോർക്കുമല്ലോ). അദ്ദേഹത്തെ വായിക്കേണ്ടത് പുറകിൽ നിന്നും മുന്നിലേക്കാണ്. അന്നത്തെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. ആ പ്ലാനിൽ രാജ്യത്തെ അവസാനത്തെ വ്യക്തിയെപ്പോലും ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സുനിൽ പി ഇളയിടം 2019 സെപ്റ്റംബർ 14 നു ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിൽ പറയും പോലെ, പഴയ കമ്യൂണിസ്റ്റു നേതാക്കൾ ഗാന്ധിയെ ആശയപരമായി കുറ്റം പറഞ്ഞെങ്കിലും, ഗാന്ധിയെ പ്പോലെ ജീവിച്ചവരായാണ്. അതുകൊണ്ടാണ് അവരിന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നത്. സുനിൽ പറഞ്ഞതുപോലെ കസേരയിൽ ഇരുന്നു ഫിലോസഫി പറയുന്നതുപോലെയല്ല ചരിത്രത്തിൽ ഇടപെടുമ്പോൾ. അപ്പോൾ വൈരുദ്ധ്യങ്ങൾ ഉണ്ടാവും, അപ്രതീക്ഷിതമായ ചുറ്റുപാടുകളും, പ്രതികരണങ്ങളും ഉണ്ടാവും. സമഗ്രമായ ഒരു വിലയിരുത്തൽ ഒരുപക്ഷെ സ്വാഗതാർഹമാകും എന്നു തോന്നുന്നു.